തലശ്ശേരി: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുസ്‌ലിംലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. പി.വി. സൈനുദ്ദീനെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച ഉച്ചക്ക് അഡ്വ. സൈനുദ്ദീന്റെ ഓഫിസിലെത്തിയ തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നാണ് കതിരൂര്‍ സ്വദേശിനിയായ യുവതി പരാതി നല്‍കിയത്. മാനഹാനി വരുത്തിയെന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. എസ്.ഐ ടി.പി. ജേക്കബിനാണ് അന്വേഷണച്ചുമതല.

സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നിവര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മഹിളാ അസോസിയേഷന്‍ തലശ്ശേരി ഏരിയാ സെക്രട്ടറി പ്രസന്ന, ഏരിയാ പ്രസിഡന്റ് സതി എന്നിവര്‍ നേതൃത്വം നല്‍കി. പണം നല്‍കി കേസൊതുക്കാന്‍ ശ്രമിക്കുന്നതിനെതിരെ അധികൃതര്‍ തക്കതായ നടപടിയെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.