തൃശൂര്‍: നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെത്തിയ സംഭവത്തില്‍ വനംമന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരായ ഹരജി തളളി.

Ads By Google

തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് നടപടി. ആനക്കൊമ്പ് കേസില്‍ വനംവകുപ്പ് അന്വേഷണം വൈകിച്ചെന്ന് ആരോപിച്ച് നല്‍കിയ ഹരജിയാണ് തള്ളിയത്.

ആനക്കൊമ്പ് കണ്ടെത്തി ഒരു വര്‍ഷത്തിന് ശേഷമാണ് എഫ്‌.ഐ.ആര്‍ രേഖപ്പെടുത്തിയതെന്നും മന്ത്രിയെന്ന നിലയില്‍ അന്വേഷണം വൈകിപ്പിക്കാന്‍ ഗണേഷ്‌കുമാര്‍ ശ്രമിച്ചെന്നുമാണ് ഹരജിയില്‍ ആരോപിച്ചിരുന്നത്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ വിശദീകരണം നല്‍കിയെങ്കിലും അന്വേഷണം വൈകുന്നതിനെകുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. കോട്ടയം സ്വദേശി ബി. അനില്‍കുമാറാണ് ഹരജിക്കാരന്‍.

മോഹന്‍ലാലിനെതിരെ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് മന്ത്രി ഗണേഷ് കുമാര്‍ കേസില്‍ ഇടപെട്ടതുമായി ബന്ധപ്പെട്ട് സര്‍ക്കാറിനോട് വിജിലന്‍സ് കോടതി ഇതിന് മുന്‍പ് വിശദീകരണം തേടിയിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി ആനക്കൊമ്പ് പിടിച്ചെടുത്തത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിന്‌ സര്‍ക്കാര്‍ അംഗീകരിക്കുന്ന ലൈസന്‍സ് ഇല്ലെന്നാണ് മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടി നല്‍കിയിട്ടുള്ളത്.

ലൈസന്‍സ് ഇല്ലെന്ന് വ്യക്തമായിട്ടും ആനക്കൊമ്പ് ലാലില്‍ നിന്ന് പിടിച്ചെടുക്കുകയോ ലാലിനെതിരെ നടപടിയെടുക്കുകയോ ചെയ്യാതിരുന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ലാലിനെതിരെയുള്ള നടപടി വൈകുന്നതില്‍ വനംമന്ത്രിയുടെ ഇടപെടലുണ്ടെന്ന ആക്ഷേപവുമുയര്‍ന്നിരുന്നു.