കൊച്ചി: ഇറ്റാലിയന്‍ മത്സ്യബന്ധന ബോട്ടിലേക്ക് വെടിയുതിര്‍ത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വധിച്ച സംഭവത്തില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ ഇറ്റാലിയന്‍ നിയമപ്രകാരം കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് ഇറ്റാലിയന്‍ കോണ്‍സുലേറ്റ് ഹൈക്കോടതിയെ അറിയിച്ചു.

ഇറ്റാലിയന്‍ നിയമപ്രകാരം 21 വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും ഇറ്റാലിയന്‍ സര്‍ക്കാരിന് വേണ്ടികോണ്‍സുലേറ്റ് ഹൈക്കോടതിയെ അറിയിച്ചു. നാവികര്‍ സൈനിക ഡ്യൂട്ടിയിലായിരുന്നെന്ന സേനാമേധാവിയുടെ അറിയിപ്പും ഹാജരാക്കുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.

അതേസമയം, ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ച ഇറ്റാലിയന്‍ നാവികര്‍ സഞ്ചരിച്ച കപ്പല്‍ 3 കോടി രൂപ കെട്ടിവെച്ചാല്‍ തീരം വിടാം എന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ നല്‍കിയ നഷ്ടപരിഹാര ഹരജി പരിഗണിച്ചാണ് കോടതി ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയത്.

നേരത്തെ 25 ലക്ഷം കെട്ടിവെക്കാനായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍, പിങ്കുവിന്റെ കുടുംബം രണ്ട് കോടിയും സെലസ്റ്റിന്റെ കുടുംബം ഒരു കോടിയും ആവശ്യപ്പെട്ട് ഹരജി നല്‍കുകയായിരുന്നു.

ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ക്ക് വെടിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് ആരാണെന്നും സംഭവത്തില്‍ ക്യാപ്റ്റന് ഉത്തരവാദിത്വം ഉണ്ടോയെന്നും കോടതി ചോദിച്ചിരുന്നു വെടിവെപ്പുമായി ക്യാപ്റ്റന് യാതൊരു ബന്ധവുമില്ലെന്നും കപ്പലിന്റെ സുരക്ഷാ ഉത്തരവാദിത്വം ഇറ്റാലിയന്‍ നാവികസേനക്കാണെന്നുമാണ് കപ്പല്‍ ഉടമകള്‍ കോടതിയെ അറിയിച്ചത്.

Malayalam news

Kerala news in English