എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി ഓഫീസിനുനേരെ ആക്രമണം: ഐ.പി ബിനുവിനും പ്രജിന്‍ സാജിനുമെതിരെ കേസ്
എഡിറ്റര്‍
Friday 28th July 2017 12:42pm

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐ.പി ബിനു, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ സാജ് എന്നിവര്‍ക്കെതിരെ കേസ്. ജാമ്യാമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

ഇവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

വെള്ളിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിനുനേരെ ആക്രമണമുണ്ടായത്. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേത് ഉള്‍പ്പടെ 6 കാറുകള്‍ അക്രമി സംഘം അടിച്ചു തകര്‍ത്തു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണം നടന്നത്. സംഭവസമയം ഓഫീസിനു മുന്നില്‍ മ്യൂസിയം എസ്.ഐ അടക്കം 5 പേര്‍ ഉണ്ടായിരുന്നുവെങ്കിലും ഒരു സിവില്‍ പൊലീസ് ഓഫീസര്‍ മാത്രമാണ് അക്രമികളെ തടയാന്‍ ശ്രമിച്ചത്.

മൂന്നു ബൈക്കുകളിലായാണ് അക്രമികള്‍ എത്തിയത്. ആക്രമണസമയത്ത് കുമ്മനം രാജശേഖരന്‍ ഓഫീസിലുണ്ടായിരുന്നു.

ഐ.പി ബിനു, പ്രജിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അക്രമത്തിനു പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.

Advertisement