കൊച്ചി: സ്ത്രീകള്‍ക്കെതിരായ പരാമര്‍ശത്തില്‍ അമ്മ പ്രസിഡന്റും എം.പിയുമായ ഇന്നസെന്റിനെതിരെ അന്വേഷണത്തിന് ഉത്തരവ്. വനിതാ കമ്മീഷന്‍ ഡയറക്ടര്‍ അന്വേഷണം നടത്തും. വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ ആണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

നടിയെ ആക്രമിച്ച സംഭവത്തില്‍, നടിക്ക് എതിരായത് ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ക്ക് ഒപ്പമാകും ഇന്നസെന്റിന്റെ പരാമര്‍ശവും അന്വേഷിക്കുകയെന്ന് വനിതാ കമ്മീഷന്‍ ഡയറക്ടര്‍ എ.യു കുര്യാക്കോസ് പറഞ്ഞു. ഇന്നസെന്റിന്റെ വാര്‍ത്താ സമ്മേളനത്തിന്റെ ക്ലിപ്പിങ്ങുകള്‍ ഉള്‍പ്പെടെ ശേഖരിച്ചാവും അന്വേഷണം നടക്കുക.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അമ്മ യോഗത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ഖേദപ്രകടനം നടത്തിക്കൊണ്ട് ഇന്നസെന്റ് നടത്തിയ സമ്മേളനത്തിലെ പരാമര്‍ശങ്ങളാണ് വിവാദമായത്.


Must Read: സര്‍ക്കാര്‍ ഉദ്യോഗസ്ഥനുനേരെ ചത്തമീന്‍ എറിഞ്ഞ് കോണ്‍ഗ്രസ് എം.എല്‍.എ – വീഡിയോ പുറത്ത്


‘ ആ കാലമൊക്കെ പോയില്ലേ എന്റെ പൊന്നുപെങ്ങളേ. മനസിലായിട്ടുണ്ടോ? ഒരു സ്ത്രീയോട് വളരെ മോശമായിട്ട് ഒരു കാര്യം ചോദിച്ചാല്‍ ആ നിമിഷം തന്നെ ദാ ഈ ഇരിക്കുന്നതുപോലുള്ള പത്രക്കാരോടും ആള്‍ക്കാരോടും ആളുകള്‍ പറയും, ആ സ്ത്രീ പറയും. അതൊക്കെ… അങ്ങനെയൊരു സംഭവമേയില്ല. പിന്നെ, അവര് മോശമാണെങ്കില്‍ അവര് ചിലപ്പോള്‍ കിടക്ക പങ്കിട്ടെന്ന് വരും. അതല്ലാതെ ഒരാളും ഇല്ല കെട്ടോ. വളരെ ക്ലീന്‍ ക്ലീന്‍ ലൈനിലാണ് ആ വക കാര്യങ്ങള്‍ പോണത്’ എന്നാണ് ഇന്നസെന്റ് പറഞ്ഞത്.