കോഴിക്കോട്: എളമരം കരീം എം.എല്‍.എയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥനായ കെ.വി സന്തോഷ് കുമാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വടകര പോലീസാണ് കേസെടുത്തിരിക്കുന്നത്.

ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ പോലീസ് നിലപാടുകളില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം വടകര റൂറല്‍ എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടയിലാണ് സംഭവം. മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് എളമരം കരീമായിരുന്നു. ഉദ്ഘാടന പ്രസംഗത്തിനിടയില്‍ കരീം കെ.വി സന്തോഷ്‌കുമാറിനെ പേരെടുത്ത് വിമര്‍ശിച്ചിരുന്നു. ടി.പി വധക്കേസില്‍ അറസ്റ്റിലായ സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ മൂന്നാംമുറ പ്രയോഗിക്കുന്നെന്ന് കരീം തന്റെ പ്രസംഗത്തില്‍ ആരോപിച്ചിരുന്നു. ‘എടോ സന്തോഷ് കുമാറേ’ എന്ന് പേരെടുത്ത് വിമര്‍ശിച്ചായിരുന്നു കരീമിന്റെ വിമര്‍ശനം. ഇതിനെതിരെയാണ് സന്തോഷ്‌കുമാര്‍ പരാതി നല്‍കിയിരിക്കുന്നത്.

താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് കരീം പ്രതികരിച്ചു. ഇങ്ങനെയൊരു കേസെടുത്തതായി തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ല. തനിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയതായി അറിയില്ല. കേസിനെ നിയമപരമായി നേരിടുമെന്നും എളരമം കരീം അറിയിച്ചു.
Malayalam news

Kerala news in English