മുംബൈ: ഏക്താ കപൂറിനെതിരെ പോലീസ് കേസുമായി ക്രിസ്ത്യന്‍ മതവിഭാഗം. ക്യാ സൂപ്പര്‍ കൂള്‍ ഹെ ഹം എന്ന ഏക്തയുടെ പുതിയ ചിത്രത്തിലെ ചില സീനുകളാണ് ക്രിസ്ത്യാനികളെ വേദനിപ്പിച്ചത്. ഇതിനെതിരെ ബാന്ദ്ര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

Ads By Google

ഐ.പി.സി സെക്ഷന്‍ 295(A) പ്രകാരമാണ് ഏക്തയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താനുള്ള മനപൂര്‍വ്വമായ ശ്രമം എന്ന കുറ്റമാണ് ഏക്തയ്‌ക്കെതിരെയുള്ളത്.  ജാമ്യമില്ലാ വകുപ്പാണിത്.

അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആദ്യം ചിത്രത്തിലെ വിവാദ സീനുകള്‍ പരിശോധിക്കും. പിന്നീട് ഏക്ത കപൂറിന്റെ മൊഴിയെടുക്കുകയും ചെയ്യും.

ഏക്ത കപൂര്‍ നിര്‍മിച്ച ക്യാ സൂപ്പര്‍ കൂള്‍ ഹെ ഹമ്മില്‍ റിതേഷ് ദേശ്മുഖും, സാറ ജെയ്ന്‍ ഡിയാസും നേഹ ശര്‍മയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജൂലൈ 12നാണ് ചിത്രം തിയ്യേറ്ററുകളിലെത്തിയത്.