എഡിറ്റര്‍
എഡിറ്റര്‍
ജുവലറിയിലെ ആത്മഹത്യ; ഉടമ ബോബി ചെമ്മണ്ണൂരിനെതിരെ പോലീസ് കേസെടുത്തു
എഡിറ്റര്‍
Wednesday 17th June 2015 1:06pm

boby-chemmanur

തിരൂര്‍: ചെമ്മണ്ണൂര്‍ ജുവലറിയില്‍ ഉപഭോക്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബോബി ചെമ്മണ്ണൂര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസെടുത്തു. ആത്മഹത്യാ പ്രേരണയ്ക്കാണ് സ്ഥാപന ഉടമയായ ബോബിയെ ഒന്നാം പ്രതിയാക്കി തിരൂര്‍ പോലീസ് കേസെടുത്തത്.

ജുവലറി മാനേജര്‍ ജമേഷ്, രണ്ട് സ്ത്രീകളുള്‍പ്പെടെ മരിച്ച ഇസ്മയിലിന്റെ മകളുടെ ഭര്‍തൃ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരെയുമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്ന മറ്റുള്ളവര്‍. ഇവരെത്തിയ വാഹനത്തിന്റെ ഡ്രൈവറേയും കേസില്‍ പ്രതിചേര്‍ക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍, ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, മനുഷ്യാവകാശ സംരക്ഷണ സമിതി, തിരൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ വിശ്വനാഥന്‍ കാരയില്‍ തുടങ്ങിയവര്‍ക്ക് ജുവലറി അധികൃതര്‍ക്കെതിരേ ആത്മഹത്യാ പ്രേരണ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിരുന്നു.

ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം ജുവലറിയിലെ ജീവനക്കാര്‍ മകളുടെ ഭര്‍തൃവീട്ടിലെത്തി പണം തിരിച്ചടയ്ക്കാത്തതിന് ഭീഷണിപ്പെടുത്തിയെന്നും ഇത് മകളുടെ വീട്ടുകാര്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കിയതായും പരാതിയില്‍ പറയുന്നു.  ഇസ്മയില്‍ ആത്മഹത്യ ചെയ്ത ദിവസം ജൂവലറിക്ക് നാശനഷ്ടം ഉണ്ടാക്കിയെന്നു കാണിച്ച് ജൂവലറി മാനേജര്‍ നല്‍കിയ പരാതിയില്‍ ഇസ്മയിലിനെതിരേ പോലീസ് കേസെടുത്തിരുന്നു.

Advertisement