ഇന്‍ഡോര്‍: ശക്തമായ ലോക്പാലിനുവേണ്ടിയുളള സമരത്തിന്റെ പേരില്‍ അണ്ണാ ഹസാരെയും സംഘവും പൊതുജനങ്ങളെ വഞ്ചിച്ചുവെന്ന് കേസ്. ഇന്ദ്രജിത് സിങ് ഭാട്ടിയ എന്ന അഭിഭാഷകനാണ് ഇന്‍ഡോര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.

Ads By Google

ഹസാരെയും സംഘവും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുളള പശ്ചാത്തലമൊരുക്കുന്നതിന് വേണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തങ്ങള്‍ക്ക് പിന്തുണ നല്‍കിയ ലക്ഷക്കണക്കിന് ആളുകളെ വിശ്വാസത്തിലെടുക്കാതെ സമരം പാതിവഴിക്ക് ഉപേക്ഷിച്ചു.

സമരത്തിന്റെ പേര് പറഞ്ഞ് വന്‍തുകയാണ് ഹസാരെയും കൂട്ടരും സമ്പാദിച്ചെടുത്തത്. അതിന്റെ കണക്കുകള്‍ വെളിപ്പെടുത്തിയിട്ടില്ല. രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് രണ്ടാംഘട്ട സമരം തുടങ്ങിയത്. എന്നാല്‍ ഇത് ജനങ്ങളില്‍ നിന്നും മറച്ചുവയ്ക്കുകയും ഒരാഴ്ചത്തെ സമരത്തിന് ശേഷം സമരം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പോവുകയാണ് ഉണ്ടായതെന്നും ഹരജിയില്‍ പറയുന്നു.

അണ്ണാ ഹസാരെയുടെ പ്രക്ഷോഭം വഴിതിരിച്ചത് ബാബ രാംദേവ് ആണെന്നും അതിനാല്‍ രാംദേവിനെതിരെ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. കേസ് ഓഗസ്റ്റ് 14 പരിഗണിക്കും.