എഡിറ്റര്‍
എഡിറ്റര്‍
ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ്; അജു വര്‍ഗ്ഗീസിനെതിരെ കേസെടുത്തു
എഡിറ്റര്‍
Tuesday 4th July 2017 12:04am


കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയ നടന്‍ അജു വര്‍ഗ്ഗീസിനെതിരെ കേസെടുത്തു. എറണാകുളം സ്വദേശിയായ ഗിരീഷ് ബാബുവാണ് താരത്തിനെതിരെ പരാതി നല്‍കിയത്.

സംഭവത്തില്‍ നടന്‍ ദിലീപിന് പിന്തുണയുമായി അജു വര്‍ഗ്ഗീസ് രംഗത്തെത്തിയിരുന്നു. നടിയോട് പ്രതി ആരാണോ അവര്‍ ചെയ്തത് ശുദ്ധ പോക്കിരിത്തരമാണ്. പ്രതിയെ കണ്ടു പിടിക്കുക തന്നെ വേണമെന്നും പറഞ്ഞ അജു ദിലീപിനോട് ഇപ്പോള്‍ കാണിക്കുന്നത് നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണെന്നും പറഞ്ഞിരുന്നു.

തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അജു പ്രതികരണം രേഖപ്പെടുത്തിയത്. രണ്ടും രണ്ട് ആണെന്ന് മനസിലാക്കാന്‍ ഉള്ള വിവേകം നൂറ് ശതമാനം സാക്ഷരത അവകാശപ്പെടുന്ന നമ്മുടെ പൊതുസമൂഹം കാണിക്കണമെന്നും അജു ആവശ്യപ്പെട്ടു.

സത്യങ്ങള്‍ ചുരുളഴിയുന്നതു വരെ കുറ്റപ്പെടുത്താതിരുന്നു കൂടെയെന്നും അജു പോസ്റ്റില്‍ കുറിച്ചിരുന്നു. പിന്നീട് വിവാദമായതോടെ തന്റെ പോസ്റ്റ് പിന്‍വലിച്ച് അജു മാപ്പ് ചോദിച്ചിരുന്നു.

അതേസമയം, കേസില്‍ ദിലീപ് കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ്. ദിലീപുമായും നാദിര്‍ഷായുമായും ഇടപാടുണ്ടെന്ന് സുനി പറഞ്ഞെന്ന് സഹതടവുകാരന്‍ ജിന്‍സണിന്റെ മൊഴി പറത്തുവന്നിരുന്നു. ജിന്‍സണ്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ ഇക്കാര്യം പറയുന്നുണ്ടെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

നാദിര്‍ഷായ്ക്കും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയ്ക്കും കേസില്‍ പങ്കുള്ളതായി തോന്നിയിട്ടുണ്ടെന്നും ജിന്‍സന്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

രണ്ടു ദിവസം മുമ്പാണ് ജിന്‍സണ്‍ കോടതിയില്‍ മൊഴി നല്‍കിയത്. പൊലീസിന്റെ നിര്‍ദേശം അനുസരിച്ചായിരുന്നു രഹസ്യമൊഴി നല്‍കിയത്. ജിന്‍സന്റെ ഈ വെളിപ്പെടുത്തലാണ് ദിലീപിലേക്കും നാദിര്‍ഷയിലേക്കും കാവ്യാമാധവന്റെ ലക്ഷ്യയിലേക്കും അന്വേഷണം നീങ്ങാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

Advertisement