Categories

മുഖ്യമന്ത്രിയുടെ പാഴ്‌വാക്ക്; വിമാനം റാഞ്ചാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യാത്രക്കാരെ ചോദ്യം ചെയ്തു

കൊച്ചി: എയര്‍ ഇന്ത്യയിലെ യാത്രക്കാരെ വിമാനം റാഞ്ചാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തു. ഇതോടെ ഈ വിഷയത്തില്‍ യാത്രക്കാര്‍ക്കെതിരെ കേസെടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴ്‌വാക്കായി. ആറ് യാത്രക്കാരെയാണ് പൈലറ്റിന്റെ പരാതിയെ തുടര്‍ന്ന് വലിയതുറ പോലീസ് ചോദ്യം ചെയ്തത്.

കഴിഞ്ഞ ദിവസം പോലീസ് സമന്‍സ് അയയ്ക്കുകയും വ്യാഴാഴ്ച രാവിലെ വലിയതുറ സി.ഐ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും യാത്രക്കാര്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചാണ് പോലീസിന്റെ ഈ നടപടി. യാത്രക്കാരുടെ താമസസ്ഥലത്ത് ചെന്ന് പോലീസ് മൊഴി രേഖപ്പെടുത്തുമെന്ന് പറഞ്ഞശേഷം വിളിച്ച് വരുത്തി ചോദ്യം ചെയ്തത് അവരെ പ്രതിയാക്കാനാണെന്ന് കേരള പ്രവാസികാര്യ ജനറല്‍ സെക്രട്ടറി കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ പറഞ്ഞു.

Ads By Google

എയര്‍ ഇന്ത്യയുടെ അബുദാബി-കൊച്ചി വിമാനത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആറ് പേരോട് കൊച്ചി വിമാനത്താവളത്തിലെത്തി മൊഴി നല്‍കാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നാല് പേരാണ് മൊഴി നല്‍കിയത്. തുടര്‍ന്ന് വിമാനത്തിലുണ്ടായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കേസ് എടുക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്. എയര്‍ ഇന്ത്യയുടെ അബുദാബി-കൊച്ചി വിമാനത്തില്‍ നടന്ന നാടകീയ സംഭവങ്ങളെ തുടര്‍ന്നാണ് പ്രവാസികള്‍ക്കെതിരെ കേസെടുക്കുന്നതിലേക്ക് കാര്യങ്ങളെത്തിയത്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് അബുദാബി-കൊച്ചി വിമാനം തിരുനന്തപുരത്ത് ഇറക്കിയതിനെ തുടര്‍ന്നായിരുന്നു നാടകീയ രംഗങ്ങളുണ്ടായത്. യാത്രക്കാരെ ബുദ്ധിമുട്ടിച്ച എയര്‍ ഇന്ത്യക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

വലിയതുറ പോലീസ് വിമാനത്തിന്റെ പൈലറ്റ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. വധശ്രമത്തിനും വിമാനം റാഞ്ചാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് പൈലറ്റ് പരാതി നല്‍കിയിരിക്കുന്നത്.

നേരത്തെ കൊച്ചിയില്‍ വിമാനം ഇറങ്ങിയ ഉടന്‍ തന്നെ പുറത്തുവന്ന യാത്രക്കാരില്‍ 6 പേരെ സി.ഐ.എസ്.എഫ് അധികൃതര്‍ തടഞ്ഞുവെച്ചിരുന്നു. വിമാനം ഹൈജാക്കുചെയ്യാന്‍ ശ്രമിച്ചുവെന്ന പൈലറ്റിന്റെ പരാതിയെ തുടര്‍ന്നാണ് ഇവരെ തടഞ്ഞുവെച്ചത്.

യാത്രക്കാരുടെ പേരുകളും സീറ്റ് നമ്പരും സഹിതമാണ് പൈലറ്റ് പരാതി നല്‍കിയത്. വിമാനത്തിന്റെ കോക്പിറ്റില്‍ കടന്നതുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയും 2 കുട്ടികളും ഉള്‍പ്പെടെയുള്ളവരെയാണ് തടഞ്ഞുവെച്ചിരുന്നത്. ഇവരെ അധികൃതര്‍ ചോദ്യം ചെയ്തതിന് ശേഷം വിട്ടയക്കുകയായിരുന്നു.

കൊച്ചിയില്‍ ഇറങ്ങേണ്ട യാത്രക്കാരെ തിരുവനന്തപുരത്തിറക്കി ബുദ്ധിമുട്ടിക്കുകയും അവരെ വിമാനറാഞ്ചികളും തീവ്രവാദകളുമാക്കിയ എയര്‍ ഇന്ത്യയില്‍ അന്നേ ദിവസം യാത്രചെയ്യുകയും പ്രതിഷേധത്തിന് നേതൃത്വം നല്‍കുകയും ചെയ്ത അബ്ദുള്‍ ഖാദറുമായി ഡൂള്‍ ന്യൂസ് പ്രതിനിധി മുഹമ്മദ് സുഹൈല്‍ നടത്തിയ അഭിമുഖം

ആ ദിനത്തിലെ 24 മണിക്കൂര്‍ നീണ്ട എയര്‍ ഇന്ത്യ ദുരിത യാത്ര