Categories

മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്ക്; എയര്‍ ഇന്ത്യയിലെ ആറ് യാത്രക്കാര്‍ക്ക് വലിയതുറ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം

കൊച്ചി: വ്യാജ വിമാന റാഞ്ചല്‍ കേസില്‍ യാത്രക്കാര്‍ക്കെതിരെ കേസെടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴ്‌വാക്കായി. ആറ് യാത്രക്കാര്‍ക്കെതിരെ പോലീസ് സമന്‍സ് അയയ്ക്കുകയും വ്യാഴാഴ്ച രാവിലെവലിയതുറ സി.ഐ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഉറപ്പിനെ ലംഘിച്ചാണ്. യാത്രക്കാര്‍ക്കെതിരെ കേസെടുത്തെന്നാണ് സൂചന.

Ads By Google

എയര്‍ ഇന്ത്യയുടെ അബുദാബി കൊച്ചി വിമാനത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആറ് പേരോട് കൊച്ചി വിമാനത്താവളത്തിലെത്തി മൊഴി നല്‍കാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നാല് പേരാണ് മൊഴി നല്‍കിയത്.

തുടര്‍ന്ന് വിമാനത്തിലുണ്ടായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കേസ് എടുക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്. എയര്‍ ഇന്ത്യയുടെ അബുദാബി-കൊച്ചി വിമാനത്തില്‍ നടന്ന നാടകീയ സംഭവങ്ങളെ തുടര്‍ന്നാണ് പ്രവാസികള്‍ക്കെതിരെ കേസെടുക്കുന്നതിലേക്ക് കാര്യങ്ങളെത്തിയത്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് അബുദാബി-കൊച്ചി വിമാനം തിരുനന്തപുരത്ത് ഇറക്കിയതിനെ തുടര്‍ന്നായിരുന്നു നാടകീയ രംഗങ്ങളുണ്ടായത്. യാത്രക്കാരെ ബുധിമുട്ടിച്ച എയര്‍ ഇന്ത്യക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

വലിയതുറ പോലീസ് വിമാനത്തിന്റെ പൈലറ്റ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. തന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും ആക്രമിച്ചുവെന്നും ആരോപിച്ചാണ് പൈലറ്റ് പരാതി നല്‍കിയിരിക്കുന്നത്.

നേരത്തെ കൊച്ചിയില്‍ വിമാനം ഇറങ്ങിയ ഉടന്‍ തന്നെ പുറത്തുവന്ന യാത്രക്കാരില്‍ 6 പേരെ സി.ഐ.എസ്.എഫ് അധികൃതര്‍ തടഞ്ഞുവെച്ചിരുന്നു. വിമാനം ഹൈജാക്കുചെയ്യാന്‍ ശ്രമിച്ചുവെന്ന പൈലറ്റിന്റെ പരാതിയെ തുടര്‍ന്നാണ് ഇവരെ തടഞ്ഞുവെച്ചത്.

യാത്രക്കാരുടെ പേരുകളും സീറ്റ് നമ്പരും സഹിതമാണ് പൈലറ്റ് പരാതി നല്‍കിയത്. പൈലറ്റിന്റെ കോക്പിറ്റില്‍ കടന്നതുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെയും 2 കുട്ടികളും ഉള്‍പ്പെടെയുള്ളവരെയാണ് തടഞ്ഞുവെച്ചിരുന്നത്. ഇവരെ അധികൃതര്‍ ചോദ്യം ചെയ്തതിന് ശേഷം വിട്ടയക്കുകയായിരുന്നു.

Tagged with: |