തിരുവനന്തപുരം: തടവിലായിരിക്കെ ആര്‍. ബാലകൃഷ്ണപിളളയെ ഫോണില്‍ വിളിച്ച 210 പേര്‍ക്കെതിരേ കേസ്. തിരുവനന്തപുരം സി.ജെ.എം കോടതിയുടേതാണ് ഉത്തരവ്.

കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, പിള്ളയുടെ മകനും മന്ത്രിയുമായ കെ.ബി. ഗണേഷ്‌കുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, ചില മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടക്കം 210 പേര്‍ക്കെതിരെയാണ് കേസ്. വിളിച്ചവരുടെ വിശദമായ പട്ടിക സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് കഴിഞ്ഞ ദിവസം തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നു.

ഇടമലയാര്‍ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ കേരളാ കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുമായി ഫോണില്‍ സംസാരിച്ചതാണ് കേസിനാധാരം. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ കഴിയുന്ന പിള്ള ഫോണ്‍ ഉപയോഗിക്കുന്നതായുള്ള വിവരം റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് പിള്ളയുമായി ഫോണില്‍ ബന്ധപ്പെട്ടവരുടെതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ചാനല്‍ പുറത്തുവിട്ടിരുന്നു.

ജയില്‍പുള്ളികള്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കെയാണ് പിള്ള മൊബൈല്‍ ഉപയോഗിച്ചത്. പിള്ളയെ വിളിക്കുന്നതും കുറ്റകൃത്യമാണ്. അതിനാലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Malayalam news

Kerala news in English