എഡിറ്റര്‍
എഡിറ്റര്‍
കാര്‍ട്ടൂണുകള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യഘടകം; മമതയ്‌ക്കെതിരെ ത്രിവേദി
എഡിറ്റര്‍
Sunday 15th April 2012 11:06am

കച്ച്: ജനാധിപത്യ വ്യവസ്ഥയില്‍ കാര്‍ട്ടൂണുകള്‍ക്ക് പ്രത്യേക സ്ഥാനമാണുള്ളതെന്നും ഇത് അവിഭാജ്യഘടകമാണെന്നും മുന്‍ റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കളിയാക്കി കാര്‍ട്ടൂണ്‍ വരച്ച ജാധവ്പൂര്‍ യൂണിവേഴ്‌സിറ്റി പ്രഫസറെ പോലീസ് അറസ്റ്റു ചെയ്തതിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ സംഭവത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യകരമായ ജനാധിപത്യപ്രക്രിയ തുടരുന്നതിനു കാര്‍ട്ടൂണുകള്‍ക്കു പ്രത്യേക സ്ഥാനമാണുള്ളതെന്നും ത്രിവേദി പറഞ്ഞു. ഏതെങ്കിലും ഒരു വ്യക്തി സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ അയാളെ തകര്‍ക്കാന്‍ കാര്‍ട്ടൂണുകള്‍ക്കാവില്ലെന്നും ത്രിവേദി അഭിപ്രായപ്പെട്ടു. റെയില്‍വേ ബജറ്റില്‍ യാത്രിനിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് മമതയുടെ അപ്രീതിയ്ക്ക് പാത്രമാവേണ്ടി വരികയും പിന്നീട് റെയില്‍വേ മന്ത്രി സ്ഥാനം തന്നെ രാജിവയ്‌ക്കേണ്ടിയും വന്നയാളാണ് ദിനേഷ് ത്രിവേദി.

‘കാര്‍ട്ടൂണുകള്‍ ഒരിക്കലും നിങ്ങളുടെ പ്രതിഛായയെ തകര്‍ക്കില്ല. ജനങ്ങളുടെ നമുക്ക് പ്രതിഛായ ഉണ്ടാക്കി തരുന്നത്. അവരാണ് അത് നശിപ്പിക്കുന്നതും’ ത്രിവേദി പറഞ്ഞു.

നിലവിലെ റെയില്‍വേ മന്ത്രി മുകുള്‍ റോയ്, മമത ബാനര്‍ജി, ദിനേശ് ത്രിവേദി എന്നിവരെ കഥാപാത്രങ്ങളാക്കിയാണ് ജാധവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ അംബികേഷ് മഹാപത്ര കാര്‍ട്ടൂണ്‍ വരച്ചത്. ഇവ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതോടെയാണ് അറസ്റ്റിനു വഴിയൊരുങ്ങിയത്.

Advertisement