മുംബൈ: ദേശീയ ചിഹ്നത്തെ അപമാനിച്ചുവെന്നാരോപിച്ച് കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദിയെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. എന്നാല്‍ അറസ്റ്റ് നടപടി ന്യായീകരിച്ച് മുംബൈ പോലീസ് രംഗത്തെത്തിയിട്ടുണ്ട്.

കാര്‍ട്ടൂണിസ്റ്റുകള്‍ അതിരുവിടരുതെന്നാണ് മുംബൈ പോലീസ് കമ്മീഷണര്‍ ഡോ. സത്യപാല്‍ സിങ് പറയുന്നത്.

Ads By Google

‘ അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങള്‍ ഒഴിവാക്കപ്പെടുമോ ഇല്ലയോ എന്ന് എനിക്ക് പറയാനാവില്ല. അന്വേഷണത്തിന് അദ്ദേഹത്തിന് ഇനി ഞങ്ങള്‍ക്ക് ആവശ്യമില്ല. ഇത് വലിയ കേസൊന്നുമല്ല. ഇതിലൂടെ അതിരുവിടരുതെന്ന മുന്നറിയിപ്പ് കലാകാരന്മാര്‍ക്കും കാര്‍ട്ടൂണിസ്റ്റുകള്‍ക്കും നല്‍കുകയാണ്. ‘ കമ്മീഷണര്‍ പറഞ്ഞു.

കഴിഞ്ഞദിവസം അറസ്റ്റിലായ അസിം ത്രിവേദിയെ 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണിപ്പോള്‍. തനിക്കെതിരെയുള്ള രാജ്രദ്രോഹക്കുറ്റം പിന്‍വലിക്കാതെ ജാമ്യാപേക്ഷ നല്‍കില്ലെന്ന നിലപാടിലാണ് ത്രിവേദിയിപ്പോള്‍.

‘ ഞാന്‍ ജാമ്യം ആവശ്യപ്പെടുന്നില്ല. ഞാന്‍ ചെയ്ത കാര്യത്തില്‍ അഭിമാനിക്കുന്നു. ഇനിയും ഞാനിത് ചെയ്യും. പണം നിക്ഷേപിച്ച് ജാമ്യം തേടാന്‍ ഞാന്‍ ക്രിമിനലല്ല. എനിക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റം ഒഴിവാക്കുന്നതുവരെ ഞാന്‍ ജയിലില്‍ തുടരും.’ ജയിലില്‍ നിന്നും എഴുതി നല്‍കിയ പ്രസ്താവനയില്‍ അസിം പറയുന്നു.

അതിനിടയില്‍ ത്രിവേദിയുടെ അറസ്റ്റിനെതിരെ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഠ്ജുവും ഒട്ടേറെ അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും കലാകാരന്മാരും രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ രാഷ്ട്രീയപാര്‍ട്ടികളെല്ലാം പോലീസ് നടപടിയെ ന്യായീകരിക്കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണ് ത്രിവേദിയുടെ കാര്‍ട്ടൂണ്‍ എന്നാണ് രാഷ്ട്രീയപാര്‍ട്ടികളുടെ അഭിപ്രായം.