പനാജി: പ്രമുഖ ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റ് മരിയ മിറാന്‍ഡ (85) അന്തരിച്ചു. ഏതാനു വര്‍ഷങ്ങളായി വിവിധ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കുടുംബ വീട്ടിലായിരുന്നു അന്ത്യം.

ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയിലെ കാര്‍ട്ടൂണുകളിലൂടെയാണ് മരിയ മിറാന്‍ഡ പ്രശസ്തനായത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മുംബൈയില്‍ ഉപരി പഠനം നടത്തി. ടൈംസ് ഓഫ് ഇന്ത്യക്ക് വേണ്ടിയും ഫെമിനയ്ക്ക് വേണ്ടിയും അദ്ദേഹം വരച്ചു. ദി ഇക്കണോമിക്‌സ് ടൈംസ് തുടങ്ങി നിരവധി ദിനപത്രങ്ങളില്‍ മരിയ മിറാന്‍ഡ സ്ഥിരമായി കാര്‍ട്ടൂണ്‍ പംക്തികള്‍ ചെയ്തിരുന്നു.

അഞ്ചു വര്‍ഷക്കാലം ലണ്ടനില്‍ ജീവിച്ചു. ലണ്ടനിലെ പല മാഗസിനുകളിലും കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചു. അമേരിക്കയിലെ പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റുകളും കലാകാരന്മാരുമായ ചാള്‍സ്, ഹെര്‍ബ്‌ലോക്ക് എന്നിവരോടൊത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

കാര്‍ട്ടൂണിസ്റ്റ് എന്നതിനു പുറമെ ചുവര്‍ ചിത്രകലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളും മിറാന്‍ഡ രചിച്ചിട്ടുണ്ട്. 22ല്‍ അധികം രാജ്യങ്ങളില്‍ തന്റെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം അദ്ദേഹം നടത്തിയിട്ടുണ്ട്.

1926 ല്‍ ദാമന്‍ ജില്ലയിലാണ് ജനനം. ഭാര്യയും രണ്ട് മക്കളുമുണ്ട്. 1988 ല്‍ പത്മശ്രീയും 2002 ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു.

Malayalam News

Kerala News in English