എഡിറ്റര്‍
എഡിറ്റര്‍
അഴിമതിക്കെതിരെ കാര്‍ട്ടൂണ്‍ ചിത്രീകരിച്ചതിന് രാജ്യദ്രോഹക്കുറ്റം; പ്രതിഷേധം പുകയുന്നു
എഡിറ്റര്‍
Monday 10th September 2012 10:00am

മുംബൈ: അഴിമതിക്കെതിരെ കാര്‍ട്ടൂണ്‍ ചിത്രീകരിച്ച യുവ കാര്‍ട്ടൂണിസ്റ്റിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് വിവാദമാകുന്നു. കാണ്‍പൂര്‍ സ്വദേശിയായ അസിം ത്രിവേദിയെയാണ് രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മാര്‍കണ്ഡേയ കഠ്ജു അസിമിനെ അറസ്റ്റ് ചെയ്തതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

അസിമിന് പറയാനുള്ളത് കേള്‍ക്കാതെ ഭരണം കയ്യാളുന്നവരുടെ വാക്കുകള്‍ അപ്പാടെ അനുസരിക്കുകയാണ് പോലീസ് ചെയ്തിരിക്കുന്നതെന്നാണ് മാര്‍കണ്ഡേയ ആരോപിക്കുന്നത്. നാസി തടവറകളിലെ തടവുകാരെ പീഡിപ്പിക്കാന്‍ ഹിറ്റ്‌ലറുടെ ആജ്ഞ അനുസരിച്ചത് പോലെയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

ദേശീയ ചിഹ്നത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് അസിമിനെ അറസ്റ്റ് ചെയ്തത്. മുംബൈ പ്രാദേശിക കോടതിയാണ് അസിമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. തുടര്‍ന്ന് അസിം ബാന്ദ്ര പോലീസില്‍ കീഴടങ്ങുകയായിരുന്നു. സെപ്റ്റംബര്‍ 16 വരെ ഇദ്ദേഹത്തെ റിമാന്റില്‍ വെച്ചിരിക്കുകയാണ്.

Ads By Google

‘ഗ്യാംങ് റേപ്പ് ഓഫ് മദര്‍ ഇന്ത്യ’ എന്ന കാര്‍ട്ടൂണാണ് വിവാദമായത്. കാര്‍ട്ടൂണില്‍ ത്രിവര്‍ണ സാരിയുടുത്തുനില്‍ക്കുന്ന ഇന്ത്യയെ രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ചേര്‍ന്ന് ആക്രമിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. മറ്റൊരു കാര്‍ട്ടൂണില്‍ അശോക ചക്രത്തിലെ സിംഹങ്ങള്‍ക്ക്‌ പകരം കുറുക്കന്മാരെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പാര്‍ലമെന്റിനെ പബ്ലിക് ടോയ്‌ലറ്റായി ചിത്രീകരിച്ച കാര്‍ട്ടൂണും വിവാദമായിട്ടുണ്ട്.

അസിമിന്റെ വെബ്‌സൈറ്റ് നിരോധിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചര്‍ച്ചാവിഷയമാണ്.

‘അഴിമതിക്കെതിരെ ഇന്ത്യ’ സംഘത്തിലെ അംഗമാണ് അസിം ത്രിവേദി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹസാരെ മുംബൈയില്‍ നടത്തിയ അഴിമതി വിരുദ്ധ സമരത്തിനിടെയാണ് അസിം ത്രിവേദിയുടെ കാര്‍ട്ടൂണുകളും പ്രദര്‍ശിപ്പിച്ചിരുന്നത്.

അസിമിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധമുയരുന്നുണ്ട്.

അസിം ദേശീയ ചിഹ്നത്തെ അപമാനിച്ചിട്ടില്ല, അദ്ദേഹത്തിന് പകരം  അല്പം സ്വാധീനമുള്ള ആരെങ്കിലുമായിരുന്നെങ്കില്‍ ഇത്തരത്തിലുള്ള യാതൊരു കോലാഹലവും ഉണ്ടാകുമായിരുന്നില്ലെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ യോഗചാര്യ ആനന്ദ് പറഞ്ഞു.

സോഷ്യല്‍ മീഡിയകളിലും അസിമിനെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അസിമിന് അനുകൂലമായി ക്യാമ്പെയ്‌നും നടക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ 124 പ്രകാരം ദേശീയ ചിഹ്നത്തെ അപമാനിച്ചെന്ന കേസിനാണ് അസിമിനെ അറസ്റ്റ് ചെയ്തതെന്നാണ് മുംബൈ പോലീസ് പറയുന്നത്.

Advertisement