വാര്‍ധക്യം ശരീരത്തെ മാത്രമല്ല കണ്ണിനെയും ചെവിയെയുമെല്ലാം തളര്‍ത്തും. കാഴ്ചയില്ലാതായാലത്തെ അവസ്ഥയാണ് ഏറ്റവും കഷ്ടം. എന്നാല്‍ ചില പച്ചക്കറികള്‍ ധാരാളം കഴിച്ചാല്‍ വാര്‍ധക്യാവസ്ഥയിലുണ്ടാവുന്ന കാഴ്ചക്കുറവ് പരിഹരിക്കാനാവുമെന്നാണ് ബെല്‍ഫാസ്റ്റിലെയും വാട്ടര്‍ഫോര്‍ഡിലെയും ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്.

കാരറ്റ് പോലുള്ള പച്ചക്കറികളിലെ കരോട്ടിന്‍ എന്ന രാസവസ്തുവിന് കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് അഞ്ച് വര്‍ഷമായി ഇവര്‍ നടത്തുന്ന പഠനത്തില്‍ നിന്നു വ്യക്തമായത്. കാരറ്റിലുള്ള കരോറ്റിനോയിഡുകളും, ആന്റിടോക്‌സിഡന്റുകളും കണ്ണുമായി ബന്ധപ്പെട്ട പേശികളുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന രാസവസ്തുക്കളെ സംരക്ഷിക്കുന്നു.

പ്രായാധിക്യം മുലമുണ്ടാവുന്ന കാഴ്ചക്കുറവ് ചികിത്സിച്ച് ഭേദമാക്കാനാവില്ല. പ്രായക്കൂടുതല്‍ റെറ്റിനയും മധ്യഭാഗത്തുള്ള പേശികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാല്‍ കാഴ്ച മങ്ങാന്‍ തുടങ്ങുന്നത്. ഈ ബുദ്ധിമുട്ടുകളുള്ളവര്‍ക്ക് കാരറ്റ് പോലുള്ള പച്ചക്കറികള്‍ ധാരാളം നല്‍കിയതിനെ തുടര്‍ന്ന് കാഴ്ച കൂടുവരുന്നതായി മനസിലാക്കാന്‍ കഴിഞ്ഞെന്ന് ക്യൂന്‍സ് യൂണിവേഴ്‌സിറ്റി സെന്റര്‍ ഓഫ് വാസ്‌കുലാര്‍ സയന്‍സിലെ പ്രാഫസര്‍ പുഷ്പ ചക്രവര്‍ത്തി പറയുന്നു.

ശരാശരി 77 വയസുള്ള 400ഓളം പേരിലാണ് ഈ പഠനം നടത്തിയത്.