ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെതിരായ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങാന്‍ വിസമ്മതിച്ചുവെന്ന ആരോപണം തെളിയിക്കപ്പെട്ടാല്‍ അര്‍ജന്റീനിയന്‍ താരവും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌ട്രൈക്കറുമായ കാര്‍ലോസ് ടെവസിനെ ഫുട്‌ബോള്‍ കളിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തുമെന്ന് ഫിഫ വൈസ് പ്രസിഡണ്ട് ജിം ബോയ്‌സെ.

‘സംഭവിച്ചത് തീര്‍ത്തും അപലപനീയമായ നടപടി ആയിരുന്നു. ആരോപണം തെളിയിക്കപ്പെട്ടാല്‍ ടെവസിനെ സജീവ ഫുട്‌ബോളില്‍ നിന്ന് വിലക്കാന്‍ ഫിഫക്ക അധികാരമുണ്ട്. ക്ലബ്ബ് അധികൃതര്‍ ടെവസിനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട ഫിഫക്ക് കൈമാറിയാല്‍, അതില്‍ ടെവസ് കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടാല്‍ അദ്ദേഹത്തിനെ വിലക്കാന്‍ ഫിഫ യാതൊരു മടിയും കാണിക്കില്ല’. മുന്‍ ഐറിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് കൂടിയായ ബോയ്‌സെ പറഞ്ഞു.

യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സിറ്റി 0-2നു തോറ്റ മല്‍സരത്തില്‍ ബയണ്‍ മ്യൂണിക്കിനെതിരെ പകരക്കാരനായി ഇറങ്ങാന്‍ സിറ്റി കോച്ച് റോബര്‍ട്ടോ മന്‍സിനി ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ല എന്നതാണ് ടെവസിനെതിരെ ഉയര്‍ന്ന് ആരോപണം. രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ ടെവസിനോടു വാം അപ്പ് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല . തുടര്‍ന്ന് മത്സരശേഷം ടെവസിനെതിരെ ആഞ്ഞടിച്ച കോച്ച് ടെവസിന്റെ സിറ്റിയിലെ ഭാവി അവസാനിച്ചുവെന്നും തന്റെ കീഴിലിനി ടെവസ് കളിക്കില്ലെന്നും പറഞ്ഞിരുന്നു.

സംഭവത്തെതുടര്‍ന്ന് ടെവസിനെ മാഞ്ചസ്റ്റര്‍ സിറ്റി സസ്‌പെന്‍ഡു ചെയ്തിരുന്നു. രണ്ടാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. ടെവസിനെതിരെ അന്വേഷണം നടത്തുമെന്നും അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ അദ്ദേഹത്തെ കളിപ്പിക്കില്ലെന്നും ക്ലബ്ബ് അധികൃതര്‍ പറഞ്ഞു. സസ്‌പെന്‍ഷന്‍ തീരുന്നതുവരെ ടെവസിന് സിറ്റിയുടെ പരിശീലനത്തില്‍പ്പോലും പങ്കെടുക്കാനാവില്ല.