എഡിറ്റര്‍
എഡിറ്റര്‍
കാര്‍ഡ്‌ബോഡ് സൈക്കളില്‍ ഒരു സവാരി
എഡിറ്റര്‍
Wednesday 2nd January 2013 12:43pm

ഒരു സൈക്കിളിന് എന്ത് ഭാരം വരും? പലര്‍ക്കും പറയാന്‍ പല ഉത്തരങ്ങള്‍ കാണും. എന്നാല്‍ ഒമ്പത് കിലോ മാത്രം ഭാരമുള്ള സൈക്കിളിനെ കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ?

പറയുന്നത് സൈക്കിളിനെ കുറിച്ച് തന്നെയാണ്  കാര്‍ഡ്‌ബോഡ് സൈക്കിളിനെ കുറിച്ച്! ഭാരമില്ലെന്ന് കരുതി ഇവനെ പുച്ഛത്തോടെയൊന്നും കാണേണ്ട, 220 കിലോ ഭാരമുള്ള ആള്‍ക്ക് വരെ ഈ സൈക്കിളില്‍ കൂളായി പോകാം. അഞ്ഞൂറ് രൂപയില്‍ താഴെയാണ് കനമില്ലാത്ത ഈ സൈക്കളിന്റെ വില.

Ads By Google

ഇസ്രായേല്‍കാരനായ എന്‍ജിനീയര്‍ ഇസ്ഹര്‍ ഗഫ്‌നിയാണ് ഈ സൈക്കിള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പലതരം ഹൈഎന്‍ഡ് സൈക്കിളുകള്‍ സ്വന്തമായുള്ളയാളാണ് ഗഫ്‌നി.

കടലാസ് മടക്കി രൂപങ്ങളുണ്ടാക്കുന്ന അതേ അടിസ്ഥാന തത്വം തന്നെയാണ് ഗഫ്‌നി  കാര്‍ഡ്‌ബോഡ് സൈക്കിളുണ്ടാക്കാനും ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ പരിശ്രമത്തിന് ശേഷമാണ് ഗഫ്‌നി സൈക്കിള്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

മനുഷ്യ ഭാരം താങ്ങാന്‍ കഴിയുന്ന കാര്‍ഡ്‌ബോര്‍ഡാണ് ഗഫ്‌നി ആദ്യമായി ഉണ്ടാക്കിയത്. പഴയ കടലാസുകള്‍ സംസ്‌കരിച്ചുണ്ടാക്കിയ കാര്‍ഡ്‌ബോര്‍ഡ് പലതായി മടക്കി കൂട്ടിക്കെട്ടി. നനവ് തട്ടാത്തതും ഉരുകാത്തതുമായ കാര്‍ഡ്‌ബോഡാണ് സൈക്കിള്‍ നിര്‍മാണത്തിനായി ഗഫ്‌നി ഉണ്ടാക്കിയെടുത്തത്.

ഒരു മാസം വാട്ടര്‍ ടാങ്കിലിട്ടാണ് കാര്‍ഡ്‌ബോഡിന്റെ ഗുണനിലവാരം ഗഫ്‌നി പരിശോധിച്ചത്. കാര്‍ഡ്‌ബോര്‍ഡ് കൊണ്ടുതന്നെയാണ് സൈക്കിളിന്റെ ഫ്രെയിം, ചക്രങ്ങള്‍, ഹാന്‍ഡില്‍, സീറ്റ് എന്നിവയും ഉണ്ടാക്കിയത്.

റീസൈക്കിള്‍ പ്ലാസ്റ്റിക് കൊണ്ട് പെഡല്‍, ബ്രെയ്ക്ക്, എന്നിവയുമുണ്ടാക്കി. വൈദ്യുതി മോട്ടോര്‍ ഘടിപ്പിക്കാനുള്ള സൗകര്യവും സൈക്കിളിലുണ്ട്. കാര്‍ഡ്‌ബോര്‍ഡ് ഭാഗങ്ങളെല്ലാം വാര്‍ണിഷടിച്ച് മനോഹരമാക്കിയപ്പോള്‍ സൈക്കിള്‍ ഒരു സുന്ദരക്കുട്ടപ്പനായി.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം സൈക്കിളുകള്‍ ഗഫ്‌നി ഉണ്ടാക്കിയിട്ടുണ്ട്. മുതിര്‍ന്നവരുടെ സൈക്കിളിന് ഒമ്പത് കിലോ ഭാരവും 480 രൂപ (6 ഡോളര്‍)യുമാണ് വില. കുട്ടികളുടേതിന് മൂന്നരക്കിലോ ഭാരവും 164 രൂപ(164)രൂപയുമാണ് വില.

ദരിദ്രരാജ്യങ്ങളാണ് ഗഫ്‌നി തന്റെ വിപണന കേന്ദ്രമായി തിരഞ്ഞെടുത്തിരിക്കുന്നത്.

Advertisement