എഡിറ്റര്‍
എഡിറ്റര്‍
സാമ്പത്തിക മാന്ദ്യം: കഴിഞ്ഞ 11 വര്‍ഷത്തിനിടെ കാര്‍ വില്‍പനയില്‍ വന്‍ ഇടിവ്
എഡിറ്റര്‍
Sunday 12th January 2014 1:35am

maruticarss

ന്യൂദല്‍ഹി: രാജ്യത്തെ കാര്‍ വില്‍പന കഴിഞ്ഞ 11 വര്‍ഷത്തിനിടെ ആദ്യമായി കഴിഞ്ഞ വര്‍ഷം ഇടിഞ്ഞു.

കാര്‍ വില്‍പനയെ കുറിച്ച് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രി (സിയാം) ആണ് പഠനം നടത്തിയത്.

സിയാമിന്റെ കണക്കനുസരിച്ച് 18.07 ലക്ഷം കാറുകളാണ് 2013ല്‍ ഇന്ത്യയില്‍ വിറ്റഴിച്ചത്. 2012 ല്‍ ഇന്ത്യയില്‍ വിറ്റഴിഞ്ഞത് 19.99 ലക്ഷം കാറുകളാണ്.

2002ന് ശേഷം ആദ്യമായാണ് വില്‍പനയില്‍ ഇടിവുണ്ടാകുന്നതെന്നും രാജ്യത്തെ സാമ്പത്തിക സ്ഥിരതയില്ലാഴ്മ കാര്‍ വില്‍പന കുറയാന്‍ കാരണമെന്നും സിയാം ഡയറക്ടര്‍ ജനറല്‍ വിഷ്ണു മാത്തൂര്‍ പറഞ്ഞു.

ഇന്ധനവില, പണപ്പെരുപ്പം, പലിശ നിരക്കുകള്‍ എന്നിവ കുതിച്ചുയര്‍ന്നതാണ് വില്‍പനയില്‍ പ്രതിഫലിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ 17 മാസത്തിനിടെ മൂന്ന് മാസം മാത്രമാണ് കാര്‍ വിപണിയില്‍ വളര്‍ച്ചയുണ്ടായത്.

മറ്റു വാണിജ്യ വാഹനങ്ങളുടെ വില്‍പനയിലും ഇടിവുണ്ടായി സിയാം റിപ്പോര്‍ട്ടു ചെയ്തു. ഖനന മേഖലയിലേയും അടിസ്ഥാനസൗകര്യ വികസന മേഖലയിലേയും മന്ദതയാണ് ഇതിനു കാരണം.

അതേസമയം, ഇരുചക്രവാഹന വില്‍പനയില്‍ നാല് ശതമാനം വളര്‍ച്ചയുണ്ടായി. 14.35 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് 2013ല്‍ വിറ്റഴിച്ചത്. ഇതിന്റെ ഫലമായി മൊത്തം വാഹന വില്‍പനയില്‍ നേരിയ നേട്ടമുണ്ടായി.

2013 ഡിസംബര്‍ മാസത്തില്‍ ആഭ്യന്തര വിപണിയില്‍ 1,32,561 കാറുകളാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 1,38,835 കാറുകളെ അപേക്ഷിച്ച് 4.52 ശതമാനം ഇടിവ്.

മാരുതി സുസുക്കിയുടെ വില്‍പന 6.4 ശതമാനം ഉയര്‍ന്ന് 73,155 യൂണിറ്റായി. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ 28,320 കാറുകളാണ് ഡിസംബറില്‍ വിറ്റത്.

6.2 ശതമാനം വളര്‍ച്ച. ഹോണ്ടയുടെ വില്‍പന 29.27 ശതമാനം ഉയര്‍ന്ന് 5,484 യൂണിറ്റിലെത്തി. അതേസമയം, ടാറ്റ മോട്ടോഴ്‌സിന് 41.92 ശതമാനവും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് 26.93 ശതമാനവും ഇടിവുണ്ടായി.

Advertisement