ന്യൂദല്‍ഹി: പുതിയ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യമാസത്തില്‍ രാജ്യത്തെ കാര്‍വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ ആശങ്കപ്പെട്ട രീതിയിലുള്ള താഴ്ച്ച കാര്‍വിപണിയില്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇന്ധനവിലവര്‍ധവും പലിശനിരക്കുകളിലുണ്ടായ ഉയര്‍ച്ചയും കാര്‍വില്‍പ്പനയെ ബാധിച്ചിട്ടുണ്ട്. കാര്‍നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവും വിപണിയില്‍ പ്രതിഫലിച്ചു. കാര്‍വില്‍പ്പനയില്‍ കാര്യമായ കുറവുണ്ടായതായി മാരുതിയും ഹ്യൂണ്ടായിയും വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞസാമ്പത്തിക വര്‍ഷം തുടര്‍ച്ചയായി റിസര്‍വ് ബാങ്ക് ബാങ്ക് നിരക്കുകള്‍ കൂട്ടിയതും കാര്‍വിപണിയെ സ്വാധീനിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ വര്‍ധിച്ചതോടെ പലിശനിരക്കുകളിലും ഉയര്‍ച്ചയുണ്ടായി. പുതിയ സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തിലും ബാങ്ക് നിരക്കുകള്‍ വര്‍ധിപ്പിച്ചതിനാല്‍ കാര്‍ വിപണിയില്‍ ഇനിയും ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.