എഡിറ്റര്‍
എഡിറ്റര്‍
നരേന്‍ കാര്‍ത്തികേയന്റെ കാര്‍ റേസിങ്ങിനെതിരെ ഹരജി
എഡിറ്റര്‍
Sunday 19th August 2012 9:12am

തിരുവനന്തപുരം: നരേന്‍ കാര്‍ത്തികേയന്റെ കാര്‍ റേസിങ്ങിനെതിരെ പൊതുതാല്‍പര്യ ഹരജി. പൊതുപ്രവര്‍ത്തകനും തിരുവനന്തപുരം ജഗതി സ്വദേശിയുമായ സാബു സ്റ്റീഫനാണ് സംഘാടകര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Ads By Google

ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്, കേരള റോഡ് ഫണ്ട് ബോര്‍ഡ്, തിരുവനന്തപുരം റോഡ് വികസന കമ്പനി, അസിസ്റ്റന്റ് കമ്മീഷണര്‍ ട്രാഫിക്ക് പോലീസ് എന്നിവര്‍ക്കാണ് സാബു സ്റ്റീഫന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

വാഹനനിയമം ലംഘിച്ചാണ് കാര്‍ റേസിങ് നടത്തുന്നതെന്നാണ് ഹരജിയിലെ പ്രധാന വാദം. നഗരത്തിലെ റോഡുകളില്‍ 40 കിലോ മീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കാന്‍ പാടില്ലാത്തതാണ്. റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ പേരില്‍ നിയമം ലംഘിക്കുകയുമാണെന്നാണ് പൊതുതാല്‍പര്യ ഹരജിയില്‍ പറയുന്നത്.

കവടിയാര്‍ റോഡില്‍ അമിത വേഗത കാരണം നിരവധി അപകടമരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. വഴിയാത്രക്കാര്‍ക്കടക്കം ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. ഈ റോഡില്‍ ബൈക്ക് റേസിങ് നടത്തിയതിന്റെ പേരില്‍ ചെറുപ്പക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളതായും നരേന്റെ കാര്‍ റേസ് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും നോട്ടീസില്‍ പറയുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഹരജിയുടെ കോപ്പി നരേനും നല്‍കിയിട്ടുള്ളതായി ഹരജിക്കാരന്‍ പറഞ്ഞു. ബന്ധപ്പെട്ടവര്‍ ഇക്കാര്യം തള്ളിക്കളഞ്ഞാല്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്ന് ഹരജിക്കാരന്റെ വക്കീല്‍ വി.എന്‍ ഗോപാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

Advertisement