പെഷവാര്‍:പാക്കിസ്ഥാനിലെ ഹാംഗു നഗരത്തിലെ കോടതി വളപ്പിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. ഇന്നലെ വൈകിട്ടാണ് സംഭവം. സ്‌ഫോടക വസ്തു കയറ്റി ചാവേര്‍ ഓടിച്ചുവന്ന വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.

അതിശക്തമായ സ്‌ഫോടനത്തില്‍ ജില്ലാ ഭരണമേധാവിയുടെയും ജില്ലാപോലീസ് മേധാവിയുടെയും ഓഫീസുകളുള്‍പ്പടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്ക് താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. അല്‍ ഖയ്ദ തലവന്‍ ഉസാമ ബിന്‍ ലാദനെ വധിച്ചതിനു ചെറിയൊരു പ്രതികാരം മാത്രമാണിതെന്ന് പാക്ക് താലിബാന്‍ വക്താവ് വ്യക്തമാക്കി.

ലാദന്റെ മരണശേഷം പാക്ക് താലിബാന്‍ രൂക്ഷമായ ആക്രമണങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം പാക് നാവിക ആസ്ഥാനത്തിനുനേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ 15 പേര്‍ മരിച്ചിരുന്നു.