അരൂര്‍: അരൂരില്‍ ആളില്ലാത്ത ലെവല്‍ ക്രോസില്‍ ട്രെയിന്‍ കാറിലിടിച്ച് 5 പേര്‍ മരിച്ചു. അരൂര്‍ കളത്തില്‍ ക്ഷേത്രത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ നൂറുമീറ്റര്‍ അകലേക്ക് കാര്‍ തെറിച്ചുവീണു. മൂന്നുപേര്‍ സംഭവസ്ഥലത്തുവെച്ചും ഒരു കുട്ടിയുള്‍പ്പടെ രണ്ടുപേര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കുമാണ് മരിച്ചത്.

കാറുടമയായ അരൂര്‍ കളത്തില്‍ സുമേഷ് (26), അരൂര്‍ നെയ്ത്തുപുരയ്ക്കല്‍ വിന്‍സന്റിന്റെ രണ്ടര വയസുള്ള മകന്‍ നെല്‍ഫിന്‍, സുമേഷിന്റെ സുഹൃത്ത് തൃക്കുന്നപ്പുഴ സ്വദേശി കാര്‍ത്തികേയന്‍ (70) പെരുമ്പളം സ്വദേശി നാരായണന്‍(65), പൂച്ചാക്കല്‍ സ്വദേശി ചെല്ലപ്പന്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ലേക്‌ഷോര്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.

Ads By Google

തിരുനെല്‍വേലി ഹാപ്പ എക്‌സ്പ്രസ് ആണ് കാറിലിടിച്ചത്. കെഎല്‍ 32 ഡി 276 എന്ന നമ്പരിലുള്ള ഇന്‍ഡിക്ക കാറാണ് അപകടത്തില്‍പെട്ടത്.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.  നാട്ടുകാരും തീവണ്ടി യാത്രക്കാരും ചേര്‍ന്നാണ് അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ ആദ്യം ശ്രമമാരംഭിച്ചത്.

സുമേഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്. സുമേഷിന്റെ വീട്ടില്‍ വന്ന് മടങ്ങുന്ന വഴിയാണ് ഇവരുടെ കാര്‍ അപകടത്തില്‍ പെട്ടത്. കളത്തില്‍ സുമേഷിന്റെ പേരില്‍ ഉള്ളത് തന്നെയാണ് കാര്‍.

ഉച്ചയ്ക്ക് 2.45-നാണ് അപകടമുണ്ടായത്. കാര്‍ പാളത്തിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഇടിയേറ്റ കാര്‍ നൂറു മീറ്ററോളം അകലെയുളള വയലിലേക്ക് തെറിച്ച് വീണിരുന്നു. സുമേഷിനെയും കുട്ടിയേയുമാണ് ആദ്യം ആശുപത്രിയിലെത്തിച്ചത്. മറ്റുളളവരെ കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.

അഞ്ചു പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിനുകളും കോട്ടയം വഴി തിരിച്ചുവിടുന്നു. അപകടത്തെത്തുടര്‍ന്ന് നാട്ടുകാര്‍ ട്രെയിനുകള്‍ തടയുന്ന സാഹചര്യത്തിലാണ് നടപടി. തീവണ്ടി അപകടത്തിനു പിന്നാലെ ഇതുവഴിയെത്തിയ നേത്രാവതി എക്‌സ്പ്രസ് നാട്ടുകാര്‍ തടഞ്ഞിരുന്നു.