എഡിറ്റര്‍
എഡിറ്റര്‍
സ്മിത വധക്കേസ്: വിശ്വരാജന് വധശിക്ഷ
എഡിറ്റര്‍
Thursday 31st May 2012 11:59am

മാവേലിക്കര: പെരിങ്ങാല കൊയ്പ്പള്ളികാരാഴ്മ ആര്‍.കെ. നിവാസില്‍ സ്മിത(34)യുടെ കൊലപാതകക്കേസില്‍ പ്രതി ഓച്ചിറ വയനകം സന്തോഷ്ഭവനത്തില്‍ വിശ്വരാജന്(22) വധശിക്ഷ. ഒരു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു. കുറ്റക്കാരനാണെന്ന് മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് വിധി.

കേസില്‍ വിശ്വരാജന്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളനുസരിച്ച് കൊലപാതകം, അന്യായ തടങ്കല്‍, ബലാത്സംഗ ശ്രമം എന്നീ കുറ്റങ്ങള്‍ വിശ്വരാജന്‍ ചെയ്തതായാണ് കോടതിയുടെ കണ്ടെത്തല്‍.

2011 ഒക്‌ടോബര്‍ 24 നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഏഴുമണിയോടെ സ്മിത ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ ആള്‍ താമസമില്ലാത്ത നിലത്തിനു സമീപം രാത്രി കാത്തിരുന്ന് കുളത്തില്‍ തള്ളിയിട്ട് അര്‍ധബോധാവസ്ഥയിലാക്കിയ ശേഷം വലിച്ചിഴച്ച് കുളത്തിന്റെ കരയില്‍ ബലാത്സംഗം ചെയ്തശേഷം തിരികെ വെള്ളത്തിലേക്കു തള്ളിയിട്ടെന്നാണു കേസ്. ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 11 ന് മരണമടഞ്ഞെന്നാണ് കായംകുളം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കോടതിയില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കേസില്‍ മൊത്തം 48 സാക്ഷികള്‍ ഉണ്ടായിരുന്നതില്‍ 38 പേരെയാണ് വിസ്തരിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. രമണന്‍പിള്ള ഹാജരായി.

പ്രതിയ്ക്കു വേണ്ടി അഭിഭാഷകര്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് കോടതി തന്നെ ജി. മധുവിനെ അഭിഭാഷകനായി ചുമതലപ്പെടുത്തിയിരുന്നു.

Advertisement