ഗാസിയാബാദ്: പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നിന്നുകൊണ്ട് ടീം അണ്ണയിലെ പ്രധാനിയായ അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും രംഗത്തെത്തി. നേരത്തെ നടത്തിയ പരാമര്‍ശനത്തിന് ലഭിച്ച അവകാശ ലംഘന നോട്ടീസിന് മറുപടി പറയവെയാണ്് കെജ്‌രിവാള്‍ തന്റെ വാദം ആവര്‍ത്തിച്ചത്. ക്രിമിനല്‍ പശ്ചാത്തലമുള്ള എം.പിമാര്‍ ഉള്‍പ്പെടുന്ന ഒരു സ്ഥാപനത്തെ എങ്ങിനെ ബഹുമാനിക്കുമെന്ന് അദ്ദേഹം ചോദിച്ചു.

പൊതുജന സേവനം ഒട്ടും നടത്താത്ത നിരവധി വ്യവസായികള്‍ രാഷ്ട്രീയക്കാരുടെ സഹായത്തോടെ പാര്‍ലമെന്റില്‍ സീറ്റ് നേടിയിട്ടുണ്ട്. തികച്ചും ബിസിനസ് ലക്ഷ്യത്തോടെയാണ് ഇത്തരക്കാര്‍ പാര്‍ലമെന്റിനെ കാണുന്നത്. ഇത് പാര്‍ലമെന്റിനെ ദുരുപയോഗം ചെയ്യലോ, അവഹേളിക്കലോ അല്ലെങ്കില്‍ ഇതിനെ എന്തു പേരു വിളിക്കുമെന്നും കെജ്‌രിവാള്‍ ചോദിച്ചു. 162 എം.പിമാര്‍ക്കും ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു തീവണ്ടി അപകടത്തെ തുടര്‍ന്ന് മുന്‍ റെയില്‍വെ മന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്ര രാജിവച്ച പാര്‍ലമെന്റാണിത്. അത്തരമൊരു പാര്‍ലമെന്റിനായി എന്തും ത്യജിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ ക്രിമിനലുകള്‍ വാഴുന്ന ഇപ്പോഴത്തെ ഈ പാര്‍ലമെന്റിനെ എങ്ങനെ ബഹുമാനിക്കാനാണ്? കെജ്‌രിവാള്‍ ചോദിച്ചു.

അതേസമയം, രാഷ്ട്രീയക്കാര്‍ ക്രിമിനലുകളും അഴിമതിക്കാരുമാണെന്ന് കെജ്‌രിവാളിന്റെ പ്രസ്താവനക്കെതിരെ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്തെത്തി. പ്രായാധിക്യവും നിരാശയുമാണു കെജ്‌രിവാളിന്റെ പ്രസ്താവനയ്ക്കു പിന്നിലെന്നു ലാലു കുറ്റപ്പെടുത്തി.

Malayalam News

Kerala News in English