എഡിറ്റര്‍
എഡിറ്റര്‍
നോട്ട് നിരോധനം ധനമന്ത്രി അറിഞ്ഞിരുന്നോ; വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കാതെ ധനമന്ത്രാലയം
എഡിറ്റര്‍
Sunday 5th March 2017 3:30pm

ന്യൂദല്‍ഹി: 2016 നവംബര്‍ 8 ന് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തുന്നതിന് മുന്നോടിയായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ ധനമന്ത്രാലയം.

നേരത്തെ നോട്ട് നിരോധന വിവരം ധനമന്ത്രിയെയും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനെയും അറിയിച്ചിരുന്നോ എന്ന ചോദ്യത്തിന്, വിവരാകാശനിയമത്തിനു കീഴില്‍ വരുന്നതല്ല നടപടിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫിസും റിസര്‍വ് ബാങ്കും നിലപാടെടുത്തത്.

എന്നാല്‍ നോട്ട് അസാധുവാക്കല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നതിനു മുന്‍പു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ വിവരം അറിയിച്ചിരുന്നോ എന്ന ചോദ്യത്തിന്, ഇക്കാര്യം വെളിപ്പെടുത്താനാകില്ലെന്നാണ് ധനമന്ത്രാലയം ഇപ്പോള്‍ നല്‍കിയ മറുപടി.

വിവരാവകാശ നിയമപ്രകാരം ഇക്കാര്യം വെളിപ്പെടുത്താനാകില്ലെന്നായിരുന്നു ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐക്കു ലഭിച്ച മറുപടി.


Dont Miss നോട്ട് നിരോധനത്തിന് ശേഷമുള്ള ഏറ്റവും വലിയ കള്ളപ്പണവേട്ട മോദിയുടെ ഗുജറാത്തില്‍ നിന്ന്; പിടികൂടിയത് നാലരക്കോടി മൂല്യമുള്ള വ്യാജ 2000 രൂപ നോട്ടുകള്‍ 


അതേസമയം, രാജ്യത്തിന്റെ അഖണ്ഡതയേയോ സുരക്ഷയേയോ ശാസ്ത്ര, സാമ്പത്തിക താല്‍പ്പര്യങ്ങളെയോ ബാധിക്കുന്നതോ തന്ത്രപ്രധാനസംഗതികളെപ്പറ്റിയുള്ളതോ വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്നതോ കുറ്റകൃത്യത്തിലേക്കു നയിക്കുന്നതോ ആയ വിവരങ്ങള്‍ മാത്രമേ വിവരാവകാശ നിയമപ്രകാരം പുറത്തുവിടാതിരിക്കാനാകൂ എന്നായിരുന്നു മറുപടിയില്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ ഏതു വിഭാഗത്തിലാണ് ഈ ചോദ്യം വരികയെന്നതിന് ഉത്തരം നല്‍കാനും ധനമന്ത്രാലയം തയാറായില്ല.

കഴിഞ്ഞ നവംബര്‍ എട്ടിനാണ് 1000, 500 രൂപാ നോട്ടുകള്‍ ഇന്ത്യ അസാധുവാക്കിയത്. രാത്രി എട്ടിന് ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് നോട്ട് അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്.

Advertisement