ദുബൈയ്: പിന്‍നിരയില്‍ ഉരുക്കിന്റെ കരുത്തുമായ് എതിര്‍ മുന്നേറ്റ നിരയുടെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധ മതില്‍ തീര്‍ത്ത ഇറ്റലിയുടെ മുന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഫാബിയോ കന്നാവാരോ കളിനിര്‍ത്തി. കാല്‍മുട്ടിലെ പരുക്കിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കന്നാവാരോ ഡോക്ടര്‍മാരുടെ ഉപദേശത്തെത്തുടര്‍ന്നാണ് കളിയവസാനിപ്പിക്കുന്നത്.

അസൂറികള്‍ 2006ല്‍ ലോകപ്പ് നേടിയപ്പോള്‍ കന്നവരോ ആയിരുന്നു ക്യാപ്റ്റന്‍. ആ വര്‍ഷത്തെ ഫിഫ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും താരം നേടി. ഈ അംഗീകാരം നേടുന്ന ലോകഫുട്‌ബോളിലെ ഏക പ്രതിരോധനിരക്കാരനാണ് കന്നാവരോ. നാല് ലോകകപ്പില്‍ ഇറ്റലിയുടെ നീലകുപ്പായമണിഞ്ഞിട്ടുണ്ട് ഈ 38 കാരന്‍.

Subscribe Us:

ദുബൈയിലെ അല്‍ അഹ്‌ലി ക്ലബ്ബിനായിരുന്നു കന്നാവരോ കളിച്ച് കൊണ്ടിരുന്നത്. കളിയവസാനിപ്പിച്ചാലും ദുബൈയ് ക്ലബ്ബിന്റെ ടെക്‌നിക്കല്‍ അഡൈ്വസറായി തുടരുമെന്ന് താരം വ്യക്തമാക്കി.