കാന്‍കുണ്‍: കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനെക്കുറിച്ച് കാന്‍കുണിലെ കാലാവസ്ഥാ ഉച്ചകോടിയില്‍ ഏകദേശ ധാരണയായി. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനായി ഹരിത നിധിയുണ്ടാക്കണമെന്ന സുപ്രധാന നിര്‍ദേശവും കാന്‍കുണ്‍ ഉച്ചകോടിയിലുണ്ടായി.

എന്നാല്‍ കാലാവസ്ഥാ വ്യതിയാനം, കാര്‍ബണ്‍ ബഹിര്‍ഗമനം, ഹരിതവാതക ബഹിര്‍ഗമനം എന്നീ കാര്യങ്ങളില്‍ വ്യക്തമായ ധാരണയിലെത്താന്‍ ധനിക-ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് കഴിഞ്ഞില്ല. 2012ല്‍ അവസാനിക്കുന്ന ക്യോട്ടോ ഉടമ്പടി ദീര്‍ഘിപ്പിക്കുന്നതിനെക്കുറിച്ചും കാന്‍കുണില്‍ തീരുമാനമായില്ല.

കാലാവസ്ഥാ വ്യതിയാനം തടയാനായി സാങ്കേതിക വിദ്യകളാവിഷ്‌ക്കരിക്കാന്‍ ദരിദ്രരാഷ്ട്രങ്ങള്‍ക്ക് 10,000 കോടിയുടെ സാമ്പത്തിക നിധിയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം തടയാനുള്ള സാങ്കേതിക വിദ്യാ കൈമാറ്റത്തിനും കാന്‍കുണില്‍ ഏകദേശ ധാരണയായിട്ടുണ്ട്.

അതിനിടെ ‘ബേസിക്’ (ബ്രസീല്‍, ദക്ഷിണാഫ്രിക്ക,ഇന്ത്യ, ചൈന) രാഷട്രങ്ങള്‍ക്ക് അനുകൂലമായുള്ളതാണ് കാന്‍കുണിലെ പ്രധാന തീരുമാനങ്ങളെന്ന് ജയറാം രമേശ് പറഞ്ഞു. ഹരിതഗ്രഹ വാതകങ്ങളുടെ പുറന്തള്ളല്‍ നിയമവിധേയമാക്കുന്ന കാര്യത്തില്‍ ജയറാം രമേശ് സ്വീകരിച്ച നിലപാട് ഇന്ത്യയ്ക്കകത്തും പുറത്തും പ്രതിഷേധങ്ങള്‍ക്കിയടയാക്കിയിരുന്നു.