ന്യൂദല്‍ഹി : രാജ്യത്തെ എല്ലാ പൗരന്‍മാരെയും അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം,പക്ഷാഘാതം എന്നിവയുടെ സാധ്യതകള്‍ കണ്ടെത്തുന്നതിനായി പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് പറഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. രോഗം മുന്‍കൂട്ടി കണ്ടെത്താനും വേണ്ട ചികിത്സ ലഭ്യമാക്കാനും വേണ്ടിയാണ് ഇത്തരത്തില്‍ പരിശോധനയ്ക്ക് വിധേയരാക്കുന്നത്.

രോഗം മുന്‍കൂട്ടി അറിയാത്തതിന്റെ പേരില്‍ നിരവധിയാളുകള്‍ക്ക്  ചികിത്സ കൃത്യമായ സമയത്ത് ലഭിക്കാത്ത സാഹചര്യമുണ്ട്. ഇത് പരിഹരിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു രോഗനിര്‍ണ്ണയം നടത്തുന്നത്. 21 സംസ്ഥാനങ്ങളിലെ 100 ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചതായും ഗുലാം നബി ആസാദ് മന്ത്രി സഭയെ അറിയിച്ചു

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കു പ്രകാരം രാജ്യത്ത് 27 ലക്ഷം അര്‍ബുദ രോഗികളുണ്ട്. ഓരോ വര്‍ഷവും 11 ലക്ഷം പേര്‍ക്ക രോഗം ബാധിക്കുന്നുണ്ട്. 5 ലക്ഷം പേരാണ് അര്‍ബുദ ബാധയെ തുടര്‍ന്ന് രാജ്യത്ത് മരിക്കുന്നത്. അതുകൊണ്ടു തന്നെ എല്ലാ പൗരന്‍മാരിലും അര്‍ബുദ പരിശോധന നടത്തുന്നത് അനിവാര്യമാണ്. രോഗ സാധ്യത കണ്ടെത്താന്‍ എല്ലാ പൗരന്‍മാരിലും പരിശോധന നടത്തുന്ന ആദ്യ രാജ്യമായി 5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യമാറുമെന്നും മന്ത്രി അവകാശപ്പെട്ടു.