ഒട്ടാവ: ഇന്ത്യന്‍വംശജനായ കനേഡിയന്‍ പ്രതിരോധമന്ത്രി ഹര്‍ജിത് സജ്ജന്‍ രാജി വെച്ച് പോകണമെന്ന് കാനഡയിലെ പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതിന് അദ്ദേഹം തയ്യാറല്ലെങ്കില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

പട്ടാളത്തില്‍ സേവനം ചെയ്ത കാലത്തെ കുറിച്ച് തന്റെ പ്രസംഗത്തില്‍ പൊലിപ്പിച്ച് പറഞ്ഞതിനാണ് ഇദ്ദേഹത്തെ പുറത്താക്കണം എന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിയത്. ഇന്ത്യയില്‍ വെച്ചാണ് അഫ്ഗാനിലെ പട്ടാള ജീവിതത്തെ പറ്റി അദ്ദേഹം പ്രസംഗിച്ചത്.


Also Read: ‘പെട്രോള്‍-ഡീസല്‍ കാറുകള്‍ ഓര്‍മ്മയാകും’; 2030-ഓടെ വൈദ്യുത കാറുകള്‍ മാത്രമുള്ള നിരത്തുകള്‍ എന്ന ലക്ഷ്യവുമായി ഇന്ത്യ


കാനഡയുടെ ഏറ്റവും വലിയ സൈനിക ദൗത്യമായ ഓപ്പറേഷന്‍ മെദൂസയുടെ ആസൂത്രകന്‍ താനാണെന്നാണ് ഇദ്ദേഹം പ്രസംഗത്തില്‍ അവകാശപ്പെട്ടത്. താലിബാന് കാണ്ഡഹാര്‍ പ്രവിശ്യയില്‍ സ്വാധീനമില്ലാതാക്കിയതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച ദൗത്യമായിരുന്നു 2006-ല്‍ നടന്ന ഓപ്പറേഷന്‍ മെദൂസ. 12 കനേഡിയന്‍ സൈനികരാണ് ഇതില്‍ കൊല്ലപ്പെട്ടത്.

ഇത്തരമൊരാളെ മന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കാന്‍ പ്രധാനമന്ത്രിക്ക് എങ്ങനെ കഴിയുന്നുവെന്ന് പ്രതിപക്ഷനേതാവ് റോണ ആംബ്രോസ് പറഞ്ഞു. മന്ത്രി വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും അവര്‍ പറഞ്ഞു.

അതേസമയം, മന്ത്രി ഹര്‍ജിത് സജ്ജന്‍ പാര്‍ലമെന്റില്‍ ആവര്‍ത്തിച്ച് മാപ്പ് പറഞ്ഞു. പ്രധാനമന്ത്രി ഹര്‍ജിതിന് പിന്തുണയുമായി രംഗത്തെത്തി. ഹര്‍ജിത് തെറ്റ് ചെയ്‌തെങ്കിലും അദ്ദേഹം മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാനഡക്കാര്‍ പ്രതീക്ഷിക്കുന്നത് അതാണെന്നും അദ്ദേഹം പറഞ്ഞു.