ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണം എന്ന ആവശ്യവുമാമായി മുന്നോട്ട് നീങ്ങുന്ന കേരളത്തിന് പ്രത്യാശ നല്‍കി ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ട്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാമെന്ന് ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് നടത്തിയ പഠനത്തില്‍ കണ്ടെത്തി.

കേരളത്തിന് പുതിയ ഡാം നിര്‍മ്മാണവുമായി മുന്നോട്ട് പോകാമെന്ന് പറയുന്ന റിപ്പോര്‍ട്ട് ഈ മാസം മുപ്പതിന് സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിക്ക് കൈമാറും.

സംസ്ഥാനത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ മുല്ലപ്പെരിയാറിലെ പുതിയ ഡാം നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് പഠനം നടത്തിയത്. പ്രദേശത്തെ പാറ ഉറപ്പുള്ളതാണെന്ന് സര്‍വ്വേയില്‍ കണ്ടെത്തി. പത്ത് സ്ഥലങ്ങളില്‍ പാറ കുഴിച്ചാണ് പരിശോധന നടത്തിയത്.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്ന്തുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട സമര്‍പ്പിക്കാന്‍ ഉന്നതാധികാര സമിതി കേരളത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കേരളം പുതിയ ഡാം നിര്‍മ്മിക്കുന്ന സ്ഥലത്ത പരിശോധന നടത്താന്‍ ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടത്.