തിരുവനന്തപുരം: ഗാര്‍ഹികാവശ്യത്തിന് സബ്‌സിഡി നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം കുറയ്ക്കുന്നതിനെതിനരേ നിയമസഭ പ്രമേയം പാസാക്കി. ഐകകണ്‌ഠേനയായിരുന്നു പ്രമേയം പാസാക്കിയത്.

പാചകവാതക സിലിണ്ടറുകളുടെ എണ്ണം നാലു മുതല്‍ ആറു വരെയാക്കി ചുരുക്കണമെന്നായിരുന്നു കേന്ദ്രമന്ത്രിതല സമിതിയുടെ നിര്‍ദേശം. ചട്ടം 130 പ്രകാരം എളമരം കരീം എം.എല്‍.എ ഉപക്ഷേപത്തിലൂടെയാണ് നിയമസഭയില്‍ പ്രശ്‌നം അവതരിപ്പിച്ചത്. തുടര്‍ന്ന് ഇതിന്റെ ചര്‍ച്ചയും നടന്നു. വിവിധ കക്ഷി നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇന്ത്യ മുഴുവനുള്ള കണക്കെടുക്കുമ്പോള്‍ 50 ശതമാനം പേര്‍ മാത്രമാണ് പാചക വാതകം ഉപയോഗിക്കുന്നതെന്നും എന്നാല്‍ കേരളത്തിലെ 90 ശതമാനത്തിലധികം ജനങ്ങളും പാചക വാതകത്തെയാണ് ആശ്രയിക്കുന്നതെന്നും മന്ത്രി ടി.എം. ജേക്കബ് ചൂണ്ടിക്കാട്ടി.

അതുകൊണ്ടുതന്നെ തീരുമാനം ഏറ്റവുമധികം ബാധിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്നാണ് സഭ ഐകകണ്‌ഠേന പ്രമേയം പാസാക്കിയത്.