Categories

ക്യാമ്പ കോള: താമസക്കാര്‍ മെയ് 31-നകം ഒഴിഞ്ഞുപോകണമെന്ന് സുപ്രീം കോടതി

campa-cola

ന്യൂദല്‍ഹി: മുംബൈ വേര്‍ളിയിലെ ക്യാമ്പ കോള കോമ്പൗണ്ടിലുള്ള അനധികൃത ഫ്‌ളാറ്റുകളിലെ താമസക്കാര്‍ 2014 മെയ് 31-ന് അകം സ്വമേധയാ ഒഴിഞ്ഞുപോകണമെന്ന്  സുപ്രീം കോടതി.

ഇത് സംബന്ധിച്ച് ആറാഴ്ചയ്ക്കകം താമസക്കാര്‍ക്ക് നോട്ടീസ് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കോമ്പൗണ്ടില്‍ പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും  പരിഗണനയിലില്ലെന്ന്  അറ്റോര്‍ണി ജനറല്‍ ജി. ഇ വഹന്‍വതി സുപ്രീം കോടതിയെ അറിയിച്ചു.

നിശ്ചിത കാലയളവിനുള്ളില്‍ താമസക്കാര്‍ ഒഴിഞ്ഞുപോയില്ലെങ്കില്‍ ഫെബ്രുവരി 27-ലെ ഉത്തരവ്  നടപ്പിലാക്കാനായി അധികൃതര്‍ക്ക് കര്‍ശനനടപടികള്‍ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.

ഇതോടെ ആയിരത്തിലധികം ആളുകള്‍ ഭവനരഹിതരാകും.

മെസ് 31 വരെ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നത് കോടതി സ്‌റ്റേ ചെയ്തിരുന്നു. ക്യാമ്പ കോള നിവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ സ്വമേധയായുള്ള നടപടി.

അഴിമതിയെയാണ്  നശിപ്പിക്കേണ്ടത്, വീടുകളല്ല എന്ന മുദ്രാവാക്യമുയര്‍ത്തി ശക്തമായ സമരമാണ് നാളുകളായി ക്യാമ്പ കോളയില്‍ നടക്കുന്നത്.

1981-89 കാലയളവില്‍ നിര്‍മ്മിച്ചതാണ് ഈ കെട്ടിടങ്ങള്‍. ആറ് നിലകള്‍ പണിയാന്‍ മാത്രമേ അനുമതിയുണ്ടായിരുന്നുള്ളു. എന്നാല്‍ പല ഫ്‌ളാറ്റുകള്‍ക്കും  പതിനേഴും ഇരുപതും നിലകള്‍ വീതമുണ്ട്.

ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് കെട്ടിടങ്ങള്‍ നശിപ്പിക്കാനായി നോട്ടീസ് നല്‍കിയിരുന്നത്. ഇതിനെതിരെ ഇവിടത്തെ താമസക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും  കോടതി അനുമതി നിഷേധിക്കുകയായിരുന്നു.

Tagged with: |