Categories

ക്യാമ്പ കോള: കെട്ടിടം പൊളിക്കുന്നതിന് മെയ് 31 വരെ സുപ്രീം കോടതിയുടെ സ്‌റ്റേ

campa-cola

മുംബൈ: ചട്ടം ലംഘിച്ച് നിര്‍മ്മിച്ച വേര്‍ളി ക്യാമ്പ കോളയിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് മാറ്റുന്നതിന് സുപ്രീം കോടതിയുടെ സ്‌റ്റേ. മെയ് 31 വരെയാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്.

ഫ്‌ളാറ്റുകള്‍ പൊളിച്ച് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പരമോന്നത കോടതി സ്വമേധയാ സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നതിനെതിരെ തെക്കന്‍ മുംബൈയിലെ ക്യാമ്പ കോള കോമ്പൗണ്ട് നിവാസികള്‍ സമാധാനപരമായി നടത്തിവന്ന സമരം കഴിഞ്ഞ ദിവസം അക്രമാസക്തമായിരുന്നു.

അഴിമതിയെയാണ് നശിപ്പിക്കേണ്ടത്, വീടുകളല്ല എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം നടക്കുന്നത്.

‘ഏറെ ദിവസങ്ങളായി ഞങ്ങള്‍ കഷ്ടപ്പെടുന്നു. ഞങ്ങളുടെ വീടുകള്‍ നശിപ്പിക്കണമെങ്കില്‍ അതിന് മുമ്പ് അവര്‍ ഞങ്ങളെ കൊല്ലണം.’ പ്രക്ഷോഭകര്‍ ശക്തമായ ഭാഷയില്‍ താക്കീത് നല്‍കിയിരുന്നു.

വേര്‍ളിയിലെ ക്യാമ്പ കോള കോമ്പൗണ്ടിലുള്ള ഉയരം കൂടിയ ഏഴ് അപ്പാര്‍ട്ട്‌മെന്റുകള്‍ 1981-89 കാലയളവില്‍ നിര്‍മ്മിച്ചതാണ്.
ആറ് നിലകള്‍ പണിയാന്‍ മാത്രമേ നിര്‍മ്മാതാക്കള്‍ക്ക് അനുമതിയുണ്ടായിരുന്നുള്ളു. എന്നാല്‍ ഇതില്‍ പല അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും പതിനേഴും ഇരുപതും നിലകള്‍ വീതമുണ്ട്.

ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് കെട്ടിടങ്ങള്‍ നശിപ്പിക്കാനായി നോട്ടീസ് നല്‍കിയിരുന്നത്. ഇതിനെതിരെ ഇവിടത്തെ താമസക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ ചട്ടലംഘനം നടത്തി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കോടതി വിസമ്മതിച്ചു. കോടതി വിധിയനുസരിച്ച് എല്ലാ അപ്പാര്‍ട്ട്‌മെന്റുകളിലെയും അഞ്ചിനു മുകളിലേയ്ക്കുള്ള നിലകള്‍ പൊളിച്ചു മാറ്റണം. അങ്ങനെ സംഭവിച്ചാല്‍ 140 ഫഌറ്റുകളിലെ ആയിരത്തോളം ആളുകള്‍ ഭവനരഹിതരാകും.

Tagged with: