എഡിറ്റര്‍
എഡിറ്റര്‍
ഒഴിപ്പിക്കലിനെതിരെ ക്യാമ്പ കോള നിവാസികളുടെ പ്രതിഷേധം ശക്തം
എഡിറ്റര്‍
Tuesday 12th November 2013 5:02pm

campa-cola

മുംബൈ: ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നതിനെതിരെ തെക്കന്‍ മുംബൈയിലെ ക്യാമ്പ കോള കോമ്പൗണ്ട് നിവാസികള്‍ സമാധാനപരമായി നടത്തിവന്ന സമരം അക്രമാസക്തമായി.

ബി.ജെ.പി വക്താവ് ഷെയ്‌നാ എന്‍.സി, കൗണ്‍സിലര്‍ മകരന്ദ് നര്‍വേകര്‍ എന്നിവര്‍ ഉള്‍പ്പെടെ പത്തോളം പ്രതിഷേധപ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് തടവിലാക്കിയതിനെ തുടര്‍ന്നായിരുന്നു സമരം അക്രമാസക്തമായത്. അധികം വൈകാതെ തന്നെ തടവിലാക്കപ്പെട്ടവരെ വിട്ടയച്ചു.

കെട്ടിടങ്ങള്‍ പരിശോധിക്കാനും വാട്ടര്‍ കണക്ഷന്‍ നിര്‍ത്തലാക്കുന്നതിനുമായി പതിനൊന്നുമണിയോടെയാണ് മുനിസിപ്പല്‍ അധികാരികള്‍ സ്ഥലത്തെത്തിയത്. വന്‍ പൊലീസ് സംഘവും ഇവരെ അനുഗമിച്ചിരുന്നു.

കോമ്പൗണ്ടിന്റെ ഗേറ്റിന് സമീപം ഒട്ടേറെ താമസക്കാര്‍ കൂടി നില്‍ക്കുന്നുണ്ടായിരുന്നു. ഭൂരിഭാഗവും ഗേറ്റിന് അകത്തായിരുന്നു. അഴിമതിയെയാണ് നശിപ്പിക്കേണ്ടത്, വീടുകളല്ല എന്ന മുദ്രാവാക്യമുയര്‍ത്തിയ പ്രക്ഷോഭകരെ ഗേറ്റിന് സമീപത്ത് നിന്ന് പൊലീസ് ബലം പ്രയോഗിച്ച് മാറ്റി.

ഗേറ്റ് തകര്‍ത്ത് അകത്തുകടക്കാനും പ്രതിഷേധക്കാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

‘ഏറെ ദിവസങ്ങളായി ഞങ്ങള്‍ കഷ്ടപ്പെടുന്നു. ഞങ്ങളുടെ വീടുകള്‍ നശിപ്പിക്കണമെങ്കില്‍ അതിന് മുമ്പ് അവര്‍ ഞങ്ങളെ കൊല്ലണം.’ പ്രക്ഷോഭകര്‍ ശക്തമായ ഭാഷയില്‍ താക്കീത് നല്‍കുന്നു.

വേര്‍ളിയിലെ ക്യാമ്പ കോള കോമ്പൗണ്ടിലുള്ള ഉയരം കൂടിയ ഏഴ് അപ്പാര്‍ട്ട്‌മെന്റുകള്‍ 1981-89 കാലയളവില്‍ നിര്‍മ്മിച്ചതാണ്.
ആറ് നിലകള്‍ പണിയാന്‍ മാത്രമേ നിര്‍മ്മാതാക്കള്‍ക്ക് അനുമതിയുണ്ടായിരുന്നുള്ളു. എന്നാല്‍ ഇതില്‍ പല അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും പതിനേഴും ഇരുപതും നിലകള്‍ വീതമുണ്ട്.

ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് കെട്ടിടങ്ങള്‍ നശിപ്പിക്കാനായി നോട്ടീസ് നല്‍കിയിരുന്നത്. ഇതിനെതിരെ ഇവിടത്തെ താമസക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ ചട്ടലംഘനം നടത്തി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കോടതി വിസമ്മതിച്ചു. കോടതി വിധിയനുസരിച്ച് എല്ലാ അപ്പാര്‍ട്ട്‌മെന്റുകളിലെയും അഞ്ചിനു മുകളിലേയ്ക്കുള്ള നിലകള്‍ പൊളിച്ചു മാറ്റണം. അങ്ങനെ സംഭവിച്ചാല്‍ 140 ഫ്‌ളാറ്റുകളിലെ ആയിരത്തോളം ആളുകള്‍ ഭവനരഹിതരാകും.

Advertisement