കല്‍പറ്റ: എണ്‍പതുകളിലെ മലയാള സിനിമയ്ക്ക് മികച്ച ദൃശ്യ സൗന്ദര്യം സമ്മാനിച്ചവരില്‍ പ്രമുഖനായ ഛായാഗ്രാഹകന്‍ വിപിന്‍ദാസ് അന്തരിച്ചു. വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 71 വയസായിരുന്നു.

അവളുടെ രാവുകള്‍, അടയാളം, ഇരുപതാം നൂറ്റാണ്ട്, മൂന്നാംമുറ, കാറ്റത്തെ കിളിക്കൂട്, ഒരു സിബിഐ ഡയറിക്കുറിപ്പ്, ചില്ല് മണിമുഴക്കം, ഒരിടത്തൊരു ഫയല്‍വാന്‍ തുടങ്ങി ഇരുന്നൂറ്റിയമ്പതോളം ചിത്രങ്ങളുടെ ക്യാമറാമാനായിരുന്നു.

തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ സ്വദേശിയാണ്. പി.എ ബക്കറിന്റെ മണിമുഴക്കത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച വിപിന്‍ദാസ് ഈ ചിത്രത്തിലൂടെ മകച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ് നേടി. പത്മരാജന്‍, ഭരതന്‍ എന്നീ സംവിധായകന്‍മാരുടെ ആദ്യകാല ചിത്രങ്ങള്‍ക്കും കെ.മധു അടക്കമുള്ളവരുടെ ആക്ഷന്‍ ചിത്രങ്ങള്‍ക്കും ഛായാഗ്രഹണം നിര്‍വഹിച്ചത് വിപിന്‍ദാസ്.

ഒരു കൊച്ചുസ്വപ്നം എന്ന സിനിമ ഉള്‍പ്പെടെ മൂന്ന് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഏതാനും ഡോക്യുമെന്ററികളും ചെയ്തിട്ടുണ്ട്.മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട സിനിമകള്‍ക്കും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. 1940 നവംബര്‍ 26 നായിരുന്നു ജനനം.