തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടസ്ഥിതി നിരീക്ഷിക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു. ഇതിനോടൊപ്പം തന്നെ സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും ക്യാമറാ സംവിധാനം വ്യാപിപ്പിക്കാനും ആലോചനയുണ്ട്.

Ads By Google

Subscribe Us:

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ക്യാമറ സ്ഥാപിച്ചതിന് ശേഷം വിജയസാധ്യത കണക്കിലെടുത്താവും ഇറിഗേഷന്‍ വകുപ്പ് മറ്റ് അണക്കെട്ടുകളിലും ഇത് നടപ്പിലാക്കുക. അണക്കെട്ടുകളുടെ പഴക്കവും പ്രായവും കണക്കിലെടുത്താണ് ഈ നീക്കം. ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ ക്യാമറാ സംവിധാനം ഉപകരിക്കുമെന്ന വിലയിരുത്തലും പദ്ധതി വ്യാപിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.

മുല്ലപ്പെരിയാറില്‍ സ്ഥാപിക്കുന്നതിനുള്ള ക്യാമറാ സംവിധാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള നിരീക്ഷണം കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. നിരീക്ഷണ ക്യാമറകള്‍ തിരുവനന്തപുരത്തുള്ള അരുവിക്കര ഡാമില്‍ സ്ഥാപിച്ചാണ് പരീക്ഷണം നടത്തിയത്. ക്യാമറയിലൂടെ ഡാമിലെ എല്ലാ ചലനങ്ങളും സെക്രട്ടേറിയറ്റിലിരുന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു.

മുല്ലപ്പെരിയാറില്‍ വൈദ്യുതി എത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്ന പദ്ധതി അനിശ്ചിതത്വത്തിലായിരുന്നു. നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മുന്നോട്ട് വന്ന കമ്പനികള്‍ വൈദ്യുതി ലഭിക്കില്ലെന്നറിഞ്ഞ് പദ്ധതിയില്‍ നിന്നും പിന്‍മാറി. തുടര്‍ന്ന് ടാറ്റാ കണ്‍സള്‍ട്ടന്‍സ് ലിമിറ്റഡ് കമ്പനി മുന്നോട്ട് വന്നു. സൂര്യതാപത്തില്‍ നിന്നും ലഭിക്കുന്ന ഊര്‍ജം കൊണ്ട്‌ പ്രവര്‍ത്തിപ്പിക്കുന്ന ക്യാമറാ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സാധ്യതാ സര്‍വെ ഉടന്‍ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ഇറിഗേഷന്‍ വകുപ്പിന് ദുരന്ത നിവാരണ അതോറിറ്റി നല്‍കും. സര്‍വെ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ക്യാമറകള്‍ സ്ഥാപിക്കുമെന്നാണ് അറിയുന്നത്.