ലണ്ടന്‍: നാല് വര്‍ഷത്തിനുശേഷം ബ്രിട്ടനിലെ മികച്ച യൂണിവേഴ്‌സിറ്റി എന്ന സ്ഥാനം ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും കേംബ്രിഡ്ജ് പിടിച്ചെടുത്തു. ഈ ദശാബ്ദത്തില്‍ ഇത് രണ്ടാം തവണയാണ് കേംബ്രിഡ്ജ് പരമ്പരാഗത വൈരിയായ ഓക്‌സ്‌ഫോര്‍ഡിനെ പരാജയപ്പെടുത്തുന്നത്.

Subscribe Us:

വിദ്യാര്‍ത്ഥികളുടെ സംതൃപ്തി, ഗവേഷണങ്ങള്‍, വിദ്യാര്‍ത്ഥി-സ്റ്റാഫ് അനുപാതം, അക്കാദമിക് സേവനങ്ങള്‍, ബിരുദധാരികള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് വിലയിരുത്തിയത്. 116 യൂണിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തിയത്. കോഴ്‌സുകളുടെ ഗുണത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനം കേംബ്രിഡ്ജിനാണ്. 2007ലാണ് കേംബ്രിഡ്ജിന് അവസാനമായി ഒന്നാം സ്ഥാനം ലഭിച്ചത്.

കറുത്തവര്‍ഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശം കൊടുക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഓക്‌സ്‌ഫോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ലജ്ജാവഹമെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഓക്‌സ്‌ഫോര്‍ഡിന്റെ ഒന്നാം സ്ഥാനവും നഷ്ടമായത്.

‘ ദ കംപ്ലീറ്റ് യൂണിവേഴ്‌സിറ്റി ഗൈഡാ’ ണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഓക്‌സ്‌ഫോര്‍ഡിന്റെ തകര്‍ച്ചയേക്കാള്‍ ഒന്നാം സ്ഥാനം നേടാന്‍ കാംബ്രിഡ്ജിനെ സഹായിച്ചത് അവര്‍ നടപ്പാക്കിയ വിദ്യാഭ്യാസ പുരോഗമന പരിപാടികളാണ്. കേംബ്രിഡ്ജിലെ വിദ്യാര്‍ത്ഥികളുടെ സംതൃപ്തിയും ബിരുദധാരികളുടെ ജോലിലഭ്യതയും കൂടിയതായാണ് കണ്ടെത്തിയത്.

ലണ്ടനിലെ ഇംപീരിയല്‍ കോളേജും, ദ ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്‌സും ദര്‍ഹാമുമാണ് ടോപ്പ് ഫൈവില്‍ ഉള്‍പ്പെട്ട മറ്റ് യൂണിവേഴ്‌സിറ്റികള്‍. അതിനു തൊട്ടുപിന്നിലായി ലണ്ടന്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയും സൗത്ത് ബാങ്ക് യൂണിവേഴ്‌സിറ്റിയുമുണ്ട്.