ജൊഹനാസ്ബര്‍ഗ്: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവായ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം നെല്‍സണ്‍ മണ്ടേല ഇന്ന് 93-ാം ജന്മദിനം ആഘോഷിക്കുന്നു. വര്‍ണവിവേചനത്തില്‍ നിന്നു തന്റെ ജനതയെ മോചിപ്പിക്കാന്‍ നേതൃത്വം നല്‍കിയ മണ്ടേലയുടെ 67 വര്‍ഷത്തെ പോരാട്ടത്തിന്റെ പ്രതീകമായി ഇന്ന് 67 മിനിട്ട് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവച്ചാണ് ദക്ഷിണാഫ്രിക്കന്‍ ജനത തങ്ങളുടെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ പ്രസിഡണ്ടിന്റെ
പിറന്നാള്‍ ആഘോഷം ആരംഭിക്കുക.

മണ്ടേലയുടെ ജന്മദിനമായ ജൂലൈ 18, 2009 മുതല്‍ യുഎന്‍, മണ്ടേല ദിനമായി ആചരിച്ചുവരികയാണ്. ലോകമെങ്ങുമുള്ള ജനങ്ങളോട് മണ്ടേലയുടെ ജന്മദിനത്തോടനുബന്ധിച്ച് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങാന്‍ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആഹ്വാനം ചെയ്തു. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും കുടുംബവും ഉള്‍പ്പെടെ വിവിധ ലോകനേതാക്കള്‍ മണ്ടേലയെ ജന്മദിനാശംസകള്‍ അറിയിച്ചു. കിഴക്കന്‍ കേപിലെ ജന്മനാട്ടില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ മണ്‌ടേല കുടുംബസമേതം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നു രാവിലെ ദക്ഷിണാഫ്രിക്കന്‍ സ്‌കൂളുകളിലെ 12.4 മില്ല്യന്‍ വരുന്ന വിദ്യാര്‍ഥികള്‍ മണ്ടേലയ്ക്കു ‘ഹാപ്പി ബര്‍ത്ത്‌ഡേ’ നേര്‍ന്നുകൊണ്ടുള്ള ഗാനം ആലപിച്ചുകൊണ്ടായിരിക്കും പ്രവര്‍ത്തനം തുടങ്ങുക. ആഘോഷങ്ങളുടെ മുന്നോടിയായി വ്യാഴാഴ്ച സേനാ മെഡിക്കല്‍ വിമാനത്തില്‍ ട്രാന്‍സ് കെ പ്രവിശ്യയില്‍ ജന്മനാടായ ഖുനു ഗ്രാമത്തിലെത്തിയ മണ്ടേലയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. രാജ്യത്തെ വിവിധ സംഘടനകളും കമ്പനികളും വൈവിധ്യമാര്‍ന്ന പരിപാടികളുമായാണ് മണ്ടേലയുടെ ജന്മദിനം ആഘോഷിക്കുന്നത്.