മുംബൈ: ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രാജ്യത്തിന് വേണ്ടി കളിയ്ക്കണോ അതോ പണമാണോ വലുത് എന്ന ലങ്കന്‍ ബോര്‍ഡിന്റെ നിര്‍ദേശം ചര്‍ച്ചയാകുന്നതിനിടെയാണ് മലിംഗയുടെ വിരമിക്കല്‍ തീരുമാനം. കാല്‍മുട്ടിലെ പരിക്ക് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ കാരണമെന്ന് മലിംഗ പറഞ്ഞു.

മലിംഗയുള്‍പ്പെടെ ഐ.പി.എല്‍ മത്സരങ്ങളില്‍ കളിച്ചുകൊണ്ടിരിക്കുന്ന ശ്രീലങ്കന്‍ താരങ്ങളോട് ടെസ്റ്റ് മത്സരങ്ങള്‍ക്കായി മടങ്ങിവരാന്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് മലിംഗയുടെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായത്.

എന്നാല്‍ ഏകദിനങ്ങളിലും ട്വന്റി20 മത്സരങ്ങളിലും തുടരുമെന്ന് മലിംഗ അറിയിച്ചു. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന് വേണ്ടിയാണ് മലിംഗ കളിയ്ക്കുന്നത്.