ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ സാക്ഷിയാക്കണമെന്ന് കേസില്‍ അറസ്റ്റിലായ മുന്‍ ടെലികോം മന്ത്രി എ.രാജ. ചിദംബരത്തെ വിളിച്ചു വരുത്തി മജിസ്‌ട്രേറ്റ് നേരിട്ട് അദ്ദേഹത്തിന്റെ മൊഴിരേഖപ്പെടുത്തണമെന്നും രാജയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

കേസില്‍ പ്രധാനമന്ത്രിയുടെ മൊഴിയും രേഖപ്പെടുത്തണമെന്നു രാജ ആവശ്യപ്പെട്ടു. സ്‌പെക്ട്രം അനുവദിച്ചതില്‍ ടെലികോം, ധനമന്ത്രാലയങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയില്ലായിരുന്നു. എല്ലാ തീരുമാനങ്ങളിലും അന്നു ധനമന്ത്രിയായിരുന്ന ചിദംബരം ഒപ്പു വച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 2 ജി സ്‌പെക്ട്രം അഴിമതി കേസില്‍ എ.രാജയ്‌ക്കെതിരെ ജീവപര്യന്തം തടവു വരെ ലഭിക്കാവുന്ന വിശ്വാസവഞ്ചനക്കുറ്റം ചുമത്തണമെന്നു സിബിഐ ആവശ്യപ്പെട്ടു.. പൊതു പ്രവര്‍ത്തകര്‍ വിശ്വാസവഞ്ചന നടത്തിയാല്‍ ചുമത്താവുന്ന കുറ്റങ്ങള്‍ ചുമത്തണം. രാജയുടെ പ്രൈവറ്റ് സെക്രട്ടറി ആര്‍.കെ ചന്ദോലിയ, മുന്‍ ടെലികോ സെക്രട്ടറി സിദ്ധാര്‍ഥ ബഹൂറ എന്നിവര്‍ക്കെതിരെയും വിശ്വാസവഞ്ചനക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.