Administrator
Administrator
സ്‌കൂള്‍ വാദ്ധ്യാര്‍ക്ക് വൈസ്ചാന്‍സലറാകാന്‍ മോഹം
Administrator
Sunday 17th July 2011 12:15pm

league-celebration

കുഞ്ഞിക്കാദര്‍

സമുദായപ്പാര്‍ട്ടിയായ മുസ്‌ലിം ലീഗിന്റെ സമുദായപ്രേമം ഇത്രത്തോളമാകുമെന്ന് ആരും കരുതിയില്ല. അല്ലെങ്കില്‍ ഒരു സാധാ സ്‌കൂള്‍വാദ്ധ്യാരെ വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ അവര്‍ തയ്യാറാവുമോ?. പത്ത് വര്‍ഷമെങ്കിലും കോളജ് പ്രൈഫസര്‍ ആയിരുന്നവര്‍ക്ക് മാത്രമേ വൈസ് ചാന്‍സലര്‍ സ്ഥാനത്തിരിക്കാന്‍ കഴിയൂ. അവിടെയാണ് പ്ലസ്ടു മാഷായ പി.വി അബ്ദുല്‍ ഹമീദിന്റെ പേര് വന്നത്. അപ്പോള്‍ പിന്നെ യോഗ്യതയുള്ള ആരും സമുദായത്തിലില്ലെന്നല്ലേ ജനം കരുതേണ്ടത്. സമുദായപ്പാര്‍ട്ടിയുടെ സമുദായ സേവനം ഇങ്ങിനെയാകണം. സമുദായത്തിലെ പാവപ്പെട്ട സ്‌കൂള്‍ മാസ്റ്ററെപ്പോലും വൈസ് ചാന്‍സലറാവുന്നത് സ്വപ്‌നം കാണാന്‍ കഴിയണം.

പക്ഷെ സംഭവമറിഞ്ഞ് നമ്മുടെ മുഖ്യന്‍ ഉമ്മന്‍ ചാണ്ടിക്ക് കലി കയറിയെന്നാണ് കേട്ടത്. അങ്ങിനെ കാലിക്കറ്റ് സര്‍വകലാശാലാ വൈസ്ചാന്‍സര്‍ സ്ഥാനത്തേക്ക് മുസ്‌ലിം ലീഗ് നിര്‍ദ്ദേശിച്ച പേര് ഉമ്മന്‍ ചാണ്ടി വെട്ടി. ആറുപേരുള്ള ലിസ്റ്റില്‍ ഹമീദിന്റെ പേര് ഒന്നാമതായിരുന്നു അരിശം തീരാതെ പട്ടിക മുഴുവനായി മരവിപ്പിക്കാന്‍ മുഖ്യന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

പ്ലസ് 2 അധ്യാപകനായ ഡോ.ഹമീദ് മുന്‍ പി.എസ്.സി. അംഗമാണ്. യു.ജി.സി മാനദണ്ഡങ്ങളനുസരിച്ച് കുറഞ്ഞത് 10 വര്‍ഷമെങ്കിലും സര്‍വകലാശാലാ തലത്തില്‍ പ്രൊഫസറായി പ്രവര്‍ത്തിച്ച വ്യക്തിക്കേ വൈസ്ചാന്‍സലറാകാനാവൂ. മാത്രമല്ല പി.എസ്.സി അംഗമായിരുന്ന ആള്‍ക്ക് പി.എസ്.സി, യു.പി.എസ്്.സി സ്ഥാനങ്ങള്‍ മാത്രമെ പീന്നീട് വഹിക്കാനാവൂ എന്നും ചട്ടങ്ങള്‍ പറയുന്നു.

‘സമുദായപ്രേമ’ത്തിന് മുന്നില്‍ എന്ത് ചട്ടം. പാര്‍ട്ടിയിലിപ്പോള്‍ ചട്ടക്കാരന്‍ കുഞ്ഞാലിക്കുട്ടിയാണ്. പക്ഷെ സംഭവത്തെക്കുറിച്ചു നമ്മളൊന്നുമറിഞ്ഞില്ലെന്നാണ് ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി പറയുന്നത്. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുസ്‌ലിം ലീഗ് ഇടപെട്ടിട്ടില്ലെന്നാണ് കുഞ്ഞാപ്പ പറഞ്ഞത്. നിയമനം നടപടിക്രമമനുസരിച്ചു നടക്കുമെന്നും അദ്ദേഹം വെച്ചടിച്ചു.

വിദ്യാഭ്യാസത്തെ കൈകാര്യം ചെയ്യുന്ന മന്ത്രി ഒരുപടി മുമ്പിലാണ്. എന്തുവന്നാലും അബ്ദുല്‍ ഹമീദ് തന്നെ ചാന്‍സലര്‍ എന്നാണ് മൂപ്പിലാന്‍ ഉറപ്പിച്ചും തറപ്പിച്ചും പറയുന്നത്. മുഖ്യമന്ത്രി ഇടപെട്ടുവെന്ന് പറയുന്നത് തെറ്റാണെന്നും അങ്ങിനെയൊന്നും ഇടപെടാന്‍ കഴിയില്ലെന്നും മന്ത്രി ഉറപ്പിച്ച് പറയുന്നു.

ലിസ്റ്റിലെ ആറു പേരും സമുദായപ്പാര്‍ട്ടിയുടെ സമുദായത്തില്‍ നിന്നുള്ളവരാണെന്നും വിവരമുണ്ട്. യു.ഡി.എഫിലെ ചില ഘടകന്‍മാര്‍ക്ക് ഇതൊട്ടും പിടിച്ചിട്ടില്ല.

കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു യോഗം കൂടിയെങ്കിലും തീരുമാനമെടുക്കാനാകാതെ പിരിയുകയായിരുന്നു. ഹമീദിന് വേണ്ടത്ര യോഗ്യതയില്ലെന്നു സെനറ്റംഗമായ സി.എച്ച്. ആഷിക് ആണു യോഗത്തില്‍ ചൂണ്ടിക്കാട്ടിയത്.

അധ്യാപകനായ ഹമീദിനു ഡോക്ടറേറ്റ് ഉണ്ടെങ്കിലും യു.ജി.സി. മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള പത്തുവര്‍ഷത്തെ കോളജ് അധ്യാപന പരിചയം ഇല്ലെന്ന് ആഷിക് ചൂണ്ടിക്കാട്ടി. അതുമാത്രമല്ല, അദ്ദേഹം ലീഗിന്റെ പ്രതിനിധിയായി പി.എസ്.സി. അംഗമായിട്ടുണ്ട്. രണ്ടുതവണ സ്റ്റാറ്റിയൂട്ടറി നിയമനം പാടില്ലെന്നും ആഷിക് തടസവാദമായി ഉന്നയിച്ചിരുന്നു.

യോഗത്തില്‍ ഹമീദിന്റെ പേരു നിര്‍ദേശിച്ചതു സര്‍ക്കാര്‍ പ്രതിനിധിയായ ചീഫ് സെക്രട്ടറി ഡോ. പി. പ്രഭാകരനാണ്. യു.ജി.സി. പ്രതിനിധിയായ പ്രഫ. ഇക്ബാല്‍ ഹസനൈന്‍ പിന്താങ്ങുകയായിരുന്നു. ആഷികിന്റെ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നു വിഷയം പരിശോധിക്കേണ്ടതാണെന്നു ചീഫ് സെക്രട്ടറി മറുപടി നല്‍കി. പിന്നീടാണ് മുഖ്യന്റെ ഇടപെടലുണ്ടായത്.

ഏതായാലും വിഷയം നാറ്റക്കേസായ സ്ഥിതിക്ക് മുസ്‌ലിം ലീഗ് ഇന്ന് കോഴിക്കോട് അടിയന്തര യോഗം ചേര്‍ന്ന് വിഷയം കുലങ്കുഷമായി ചര്‍ച്ച ചെയ്യുന്നുണ്ട്.

Advertisement