എഡിറ്റര്‍
എഡിറ്റര്‍
കാലിക്കറ്റ് സര്‍വകലാശാല: സര്‍ക്കുലറിലെ സ്ത്രീ ‘സൗഹാര്‍ദ്ദത’
എഡിറ്റര്‍
Tuesday 1st July 2014 12:55pm

താന്‍ ആരെ കാണണമെന്നും തന്നെ ആരു കാണണമെന്നും നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിയധിഷ്ഠിതമാണ്. കാണാന്‍ വരുന്നവര്‍ സ്വാഭാവ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്ന നിര്‍ബന്ധ നിബന്ധനയും സ്വന്തമായി എടുക്കാവുന്നത് തന്നെ. എന്നാല്‍ ഔദ്യോഗിക പദവി വഹിക്കുന്ന വ്യക്തികളുടെ സന്ദര്‍ശക പട്ടികയില്‍ ഒഴിവാക്കപ്പെടേണ്ടത് ആരെന്ന് തീരുമാനിക്കുന്നത് വ്യക്തി താല്‍പര്യങ്ങള്‍ക്കനുസരിച്ചല്ല. സ്ത്രീകള്‍ക്ക് പങ്കാളിത്തം കുറഞ്ഞ ഭരണ പരിഷ്‌കരണ പ്രക്രിയകള്‍ വാഴ്‌സിറ്റിയില്‍ നടപ്പിലാക്കുക വഴി വിസിയുടെ മനോനില എന്തെന്ന സംശയമാണ് ബാക്കി നില്‍ക്കുന്നത്.


2

black-lineഒപ്പീനിയന്‍ / മന്‍സൂറ.എം
black-line

താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രാനുമതി നിഷിദ്ധമായിരുന്ന കാലത്തെ അനുസ്മരിപ്പിച്ച് കൊണ്ടാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ വടക്കന്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ പുതിയ തീരുമാനം. സമൂഹത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് മാന്യതയും മാത്യകയുമാകേണ്ട വ്യക്തിയില്‍ നിന്ന് തന്നെയാണ് മാനുഷിക മൂല്യങ്ങളെയും അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന നടപടി ഉണ്ടായിരിക്കുന്നത്.

വനിതകള്‍ക്ക് ചേംബറില്‍ സന്ദര്‍ശന വിലക്കേര്‍പ്പെടുത്തിക്കൊണ്ട് കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സ്‌ലര്‍ എം.അബ്ദുല്‍ സലാം ജൂണ്‍ 28ന്‌ പുറത്തിറക്കിയ സര്‍ക്കുലറാണ് വിവാദമാവുന്നത്.സ്ത്രീ വിദ്യാഭ്യാസത്തിലും സാക്ഷരതയിലും ഏറെ മുമ്പിലെന്ന് അഭിമാനിക്കുന്ന ഒരു സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന ഒരു മാതൃകയല്ല എന്തായാലും സ്ത്രീകള്‍ക്ക് സന്ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയിലൂടെ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സ്ലര്‍ മുമ്പോട്ട് വെച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവുമധികം കോളേജുകള്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന സര്‍വ്വകലാശാലയാണ് കാലിക്കറ്റ് സര്‍വ്വകലാശാല. 280 ലധികം കോളേജുകള്‍. വിവിധ കോളേജുകളിലായി ആയിരക്കണക്കിനു വിദ്യാര്‍ഥിനികളാണ് സര്‍വ്വകലാശാലക്കു കീഴില്‍ പഠിക്കുന്നത്. വിവിധ വകുപ്പുകളിലായി ജോലി ചെയ്യുന്ന വനിതാ ജീവനക്കാരും അദ്ധ്യാപികമാരും വേറെയും. ഇവരെയൊക്കെ രണ്ടാം നിരയിലേക്ക് ഒതുക്കിക്കൊണ്ട് വാഴ്‌സിറ്റിയില്‍ വിവേചനപൂര്‍ണ്ണമായ ഭരണ നിര്‍വഹണം അനുവദിക്കുന്നതാണ് പുതിയ സര്‍ക്കുലര്‍.

സര്‍ക്കുലര്‍ വായിച്ച് അതില്‍ പരാമര്‍ശിച്ചത് തങ്ങളെയാണെന്ന് ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ അതിന് തന്നെ പഴിച്ചിട്ട് കാര്യമില്ലെന്ന് വിസി പറയുന്നു.  ചാവേര്‍ വനിതകളെയും അത്തരം ഗുണ്ടകളെയും മുന്നില്‍ കണ്ട് സ്വയംരക്ഷ എന്ന ചിന്തയില്‍ നിന്നാണ  ഇത്തരമൊരു വിശേഷപ്പെട്ട സര്‍ക്കുലര്‍ ഇറക്കാന്‍ വിസി മുതിര്‍ന്നത്. മാന്യ സ്ത്രീകളെ പരാമര്‍ശിച്ചിട്ടില്ലെന്ന് വിസി എടുത്തു പറയുന്നു. സന്ദര്‍കരുടെ സ്വഭാവഗുണങ്ങള്‍  നിര്‍ണയിക്കാനുള്ള അളവുകോല്‍ എന്താണെന്ന് വിസി സര്‍ക്കുലറില്‍ വിശദീകരിക്കണമായിരുന്നു.

തന്നെ അപായപ്പെടുത്താനും ആക്രമിക്കാനും സംഘടിത നീക്കം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ കര്‍ക്കശമാക്കി ഉത്തരവ് ഇറക്കിയതെന്നു വാദിക്കുന്ന വിസി, അക്രമിക്കാന്‍ വരുന്നവര്‍ സ്ത്രീകള്‍ ആയിരിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു എന്നതാണ്  രസകരമായ വസ്തുത.

വാഴ്‌സിറ്റി ഭരണകാര്യാലയത്തില്‍ പുതിയ നിയന്ത്രണങ്ങളും യാത്രയിലും ചേംബറിലും വസതിയിലും പരിപാടികളിലും കൂടുതല്‍ സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. സിന്‍ഡിക്കറ്റ് അംഗം ഡോ.എം ഫാത്തിമത്ത് സുഹറയുടെ നേതൃത്വത്തില്‍ വനിതകളുടെ കൂട്ടായ്മ വാഴ്‌സിറ്റി ഭരണകാര്യാലയത്തിനു മുന്നില്‍ സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും വിസിയുടെ വിവേചനപരവും വിവേകശൂന്യവുമായ ഉത്തരവിനോട് പ്രതികരിക്കാതെ അവഗണിക്കുന്നു.

താന്‍ ആരെ കാണണമെന്നും തന്നെ ആരു കാണണമെന്നും നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിയധിഷ്ഠിതമാണ്. കാണാന്‍ വരുന്നവര്‍ സ്വാഭാവ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്ന നിര്‍ബന്ധ നിബന്ധനയും സ്വന്തമായി എടുക്കാവുന്നത് തന്നെ. എന്നാല്‍ ഔദ്യോഗിക പദവി വഹിക്കുന്ന വ്യക്തികളുടെ സന്ദര്‍ശക പട്ടികയില്‍ ഒഴിവാക്കപ്പെടേണ്ടത് ആരെന്ന് തീരുമാനിക്കുന്നത് വ്യക്തി താല്‍പര്യങ്ങള്‍ക്കനുസരിച്ചല്ല. സ്ത്രീകള്‍ക്ക് പങ്കാളിത്തം കുറഞ്ഞ ഭരണ പരിഷ്‌കരണ പ്രക്രിയകള്‍ വാഴ്‌സിറ്റിയില്‍ നടപ്പിലാക്കുക വഴി വിസിയുടെ മനോനില എന്തെന്ന സംശയമാണ് ബാക്കി നില്‍ക്കുന്നത്.

വിദ്യാഭ്യാസത്തിലും സാക്ഷരതയിതുമൊക്കെ എത്ര മുന്നേറിയാലും മളയാളി സ്ത്രീകള്‍ക്ക് എന്നും വിവേചനത്തിന്റെ കയ്പ്പുനീര്‍ കുടിക്കേണ്ടി വരും. അത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലുമെല്ലാം തുടര്‍ന്നു കൊണ്ടിരിക്കും. കാണണ്ടതൊന്നും കണ്ടില്ലെന്നു നടിക്കുന്ന നമ്മള്‍ ഇത്തരം ഗുരുതരമായ വിഷയങ്ങളില്‍ നമ്മുടെ മൗനം തുടരും.

Advertisement