കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ തടിയന്റവിടെ നസീറിനും ഷഫാസിനും ജീവപര്യന്തം തടവ്. കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

നസീറിന് മൂന്ന് ജീവപര്യന്തവും, ഷഫാസിന് ഇരട്ട ജീവപര്യന്തവുമാണ് വിധിച്ചത്. ഇതിനു പുറമേ 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു.

തീവ്രവാദപ്രവര്‍ത്തനത്തിലേര്‍പ്പെടല്‍, സ്‌ഫോടന വസ്തുക്കള്‍ ഉപയോഗിക്കല്‍, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് നസീറിന് ശിക്ഷ ലഭിച്ചത്. സ്‌ഫോടനം പദ്ധതി ആസൂത്രണം ചെയ്തതുമുതല്‍ നടപ്പാക്കുന്നതുവരെ നസീറിന്റെ പങ്ക് വ്യക്തമാണെന്നും കോടതി നീരീക്ഷിച്ചു. സ്‌ഫോടനം നടത്താന്‍ നസീറിനെ സഹായിച്ചു എന്ന കുറ്റമാണ് ഷഫാസിനുമേലുള്ളത്.

തീവ്രവാദക്കുറ്റമാണ് പ്രതികള്‍ ചെയ്തതെന്ന് കോടതി വിലയിരുത്തി. ഇത് സമൂഹത്തില്‍ മതവിദ്വേഷം വളര്‍ത്തും. സമാധാന അന്തരീക്ഷം തകര്‍ക്കും. ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന മറ്റുള്ളവര്‍ക്ക് ഇതൊരു മുന്നറിയിപ്പായിരിക്കണമെന്നും വിധി പ്രസ്താവനയില്‍ കോടതി സൂചിപ്പിച്ചു. കൂടാതെ പ്രതികള്‍ക്ക് മതാചാരങ്ങള്‍ പിന്‍തുടരാനും, താടി വളര്‍ത്താനുള്ള അവകാശം നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കോഴിക്കോട് സ്‌ഫോടനക്കേസില്‍ നസീറും ഷഫാസും കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. തെളിവില്ലെന്ന് പറഞ്ഞ് കേസിലെ മൂന്നാം പ്രതി അബ്ദുല്‍ ഹാലിമിനെയും ചെട്ടിപ്പടി യൂസുഫിനെയും വെറുതെ വിടുകയും ചെയ്തിരുന്നു.

കോഴിക്കോട് ഇരട്ട സ്‌ഫോടനം:

2006 മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് പന്ത്രണ്ടിനും ഒന്നേകാലിനും ഇടയിലാണ് കോഴിക്കോടിനെ നടുക്കിയ ഇരട്ടസ്‌ഫോടനം നടന്നത്. ഉച്ചക്ക് 12.45 നായിരുന്നു കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡില്‍ ആദ്യസ്‌ഫോടനം. 1.05 ന് മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡില്‍ രണ്ടാമത്തെ സ്‌ഫോടനം നടന്നു.

കളക്ടറേറ്റിലേക്കും സായാഹ്നപത്രത്തിന്റെ ഓഫീസിലേക്കും ഫോണ്‍ചെയ്ത്അറിയിച്ചശേഷമാണ് സ്‌ഫോടനം നടത്തിയത്. ‘കളിയല്ല, കാര്യമായിട്ടാണ്. കൃത്യം അരമണിക്കൂറിനകം ബോംബുസ്‌ഫോടനം ഉണ്ടാവും. മാറാട് സംഭവത്തിന്റെ ബാക്കിയാണ് ഇത്” ഇങ്ങനെയാണ് പത്രമോഫീസില്‍ വിളിച്ചയാള്‍ മുന്നറിയിപ്പു നല്‍കിയത്. ഉത്തരവാദിത്വം ഏല്‍ക്കുന്നതായി ‘അല്‍ഖാനൂന്‍ കേരള’ എന്ന സംഘടനയുടെ പേരില്‍ എഴുതിത്തയ്യാറാക്കിയ ഒരു കുറിപ്പും പത്രമോഫീസുകളില്‍ എത്തിച്ചു. കളക്ടറേറ്റില്‍ വിളിച്ചയാള്‍ കളക്ടറെ കിട്ടാത്തതിനാല്‍ എ.ഡി.എമ്മിനോടാണ് സംസാരിച്ചത്. പറഞ്ഞസമയത്തുതന്നെ ബോംബുപൊട്ടിയതോടെ നഗരം പരിഭ്രാന്തിയിലമര്‍ന്നു.

കെ.എസ്.ആര്‍.ടി ബസ്റ്റാന്റിലുണ്ടായ സ്‌ഫോടനത്തില്‍ തൊട്ടടുത്തുള്ള സാഗര്‍ ഹോട്ടലിന്റെ ജനല്‍ചില്ല് തകര്‍ന്നു. ബസ്റ്റാന്റിനടുത്തുള്ള പരസ്യബോര്‍ഡില്‍ തുളകള്‍ വീണു. സ്റ്റാന്റിനടുത്തുള്ള കൈരളി തീയ്യറ്ററില്‍ നിന്നും ജനങ്ങള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടുകയും ചെയ്തു. ഇതേ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെയാണ് മൊഫ്യൂസല്‍ ബസ്റ്റാന്റില്‍ സ്‌ഫോടനം നടന്നത്.

നടക്കാവ് പോലീസും കസബ പോലീസുമായിരുന്നു ആദ്യം കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പിന്നീട് കേസന്വേഷണം െ്രെകംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തു.ഇതേ അന്വേഷണസംഘം തന്നെയാണ് കേസിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹാലിം കൊച്ചിയില്‍ പിടിയിലാകുന്നതിന് മുമ്പ് തന്നെ തീവ്രവാദ ബന്ധം സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് െ്രെകംബ്രാഞ്ച് സൂപ്രണ്ട് ടി.എം. അബൂബക്കര്‍ ബാംഗ്ലൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് പ്രതി സത്താറിനെ ചോദ്യം ചെയ്തത്. ഇതില്‍ ഒട്ടേറെ സൂചന ലഭിച്ചിരുന്നെങ്കിലും യാദൃച്ഛികമായി ഹാലിം പിടിയിലായപ്പോള്‍ മാത്രമാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

ഇതിനിടെ അറസ്റ്റിലായ മുഖ്യപ്രതി തടിയന്റവിടെ നസീറിനെ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ അറിയാതെ അന്നത്തെ ഉത്തരമേഖല ഐ.ജി. ടോമിന്‍ തച്ചങ്കരി ബാംഗ്ലൂര്‍ ജയിലില്‍ പോയത് ഏറെ വിവാദമായി.

പ്രതികളെക്കുറിച്ചും ആസൂത്രണത്തെക്കുറിച്ചും ഒളിവിലുള്ള പ്രതികളെക്കുറിച്ചും ഏകദേശ വിവരങ്ങള്‍ െ്രെകംബ്രാഞ്ച് സംഘത്തിന് ലഭിച്ച സാഹചര്യത്തിലാണ് കേസന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത്. 2009 ഡിസംബര്‍ നാലിനായിരുന്നു എന്‍.ഐ.എ.യെ കേസന്വേഷണം ഏല്‍പ്പിക്കാന്‍ തീരുമാനമായത്. അന്വേഷണം ഏറ്റെടുത്ത് മാസങ്ങള്‍കൊണ്ട് കാര്യമായ പുരോഗതി എന്‍.ഐ.എ.യ്ക്ക് ഉണ്ടാക്കാനും സാധിച്ചു.