എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് സ്‌കൂള്‍ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്: നിരവധി വിദ്യാര്‍ത്ഥിനികള്‍ അകപ്പെട്ടതായി സൂചന
എഡിറ്റര്‍
Friday 8th November 2013 7:41pm

sexual-assualt

കോഴിക്കോട്: കോഴിക്കോട് സ്‌കൂള്‍ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്. ജില്ലയുടെ വടക്ക് ഭാഗത്തുള്ള സ്‌കൂള്‍ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

സെക്‌സ് റാക്കറ്റിന്റെ പിടിയിലകപ്പെട്ട് നിരവധി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്നാണ് സൂചന. പീഡനത്തിനിരയായ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഒന്നരമാസം മുമ്പാണ് ആത്മഹത്യ ചെയ്തത്.

ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കും ശ്രമിച്ചു. ഈ പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പാണ് സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറം ലോകമറിയാന്‍ കാരണമായത്.

സ്‌നേഹം നടിച്ചു വിദ്യാര്‍ഥിനികളെ കൂട്ടിക്കൊണ്ടുപോയി നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ജാനകിക്കാട്ടിലും കോഴിക്കോട് ബീച്ചിനടുത്തുള്ള ലോഡ്ജിലും മറ്റുമായി നിരവധി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിട്ടുണ്ടെന്നാണു സൂചന.

സ്ത്രീയടക്കമുള്ള പത്തംഗ സംഘമാണു സെക്‌സ് റാക്കറ്റിനു പിന്നിലെന്നും സൂചനയുണ്ട്. പരാതിയെതുടര്‍ന്ന് പെരുവണ്ണാമുഴി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പീഢനത്തെതുടര്‍ന്ന് ആത്്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് പരാതി നല്‍കിയത്.

എന്നാല്‍ രണ്ടാഴ്ച മുമ്പ് പരാതി നല്‍കിയിട്ടും കേസില്‍ ഇത് വരെ ആരെയും അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യം ഒച്ചപ്പാടായതോടെ സംഭവത്തെകുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് റൂറല്‍ എസ്.പിക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കി.

കേസന്വേഷണത്തിനായി നാദാപുരം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തിയതായും ഡി.ജി.പി പറഞ്ഞു.

സംഭവം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യക്തമാക്കി. കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Advertisement