എഡിറ്റര്‍
എഡിറ്റര്‍
കാലിക്കറ്റ് പ്രോ വൈസ് ചാന്‍സലറുടെ വിദേശയാത്ര അന്വേഷിക്കും: അബ്ദുറബ്ബ്
എഡിറ്റര്‍
Monday 20th January 2014 9:34am

abdurab

കോഴിക്കോട്: കാലിക്കറ്റ് പ്രോ വൈസ് ചാന്‍സലറുടെ വിദേശയാത്ര അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്.

ഇക്കാര്യത്തില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചട്ടംലംഘിച്ച് കാലിക്കറ്റ് സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ നടത്തിയ വിദേശയാത്ര സംബന്ധിച്ച പരാതി ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാലിക്കറ്റ് സര്‍വകലാശാലാ പ്രോ വൈസ്ചാന്‍സലര്‍ കെ. രവീന്ദ്രനാഥിന്റേയും മറ്റു ചില സര്‍വകലാശാല ഉദ്യോഗസ്ഥരുടേയും വിദേശ യാത്രയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ സഹമന്ത്രിക്കും യു.എ.ഇയിലെ ഇന്ത്യന്‍ എംബസിക്കും കാലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാരുടെ സംയുക്ത സമരസമിതി പരാതിനല്‍കിയിരുന്നു.

ഇകെ. രവീന്ദ്രന്റെ വിദേശയാത്ര ഇന്ത്യന്‍ എംബസിയെയും യു.എ.ഇ ഗവണ്‍മെന്റിനെയും തെറ്റിദ്ധരിപ്പിച്ചായിരുന്നെന്നും

ഇദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും കാണിച്ച് അസോസിയേഷന്‍ ഓഫ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സും ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിന്റെ വിദേശത്തുള്ള പഠനകേന്ദ്രത്തിന് അനുമതിനല്‍കുന്നതിനുള്ള പരിശോധനയ്ക്കായിരുന്നു പി.വി.സി വിദേശ യാത്ര നടത്തിയത്.

എന്നാല്‍ വിസയില്‍ സെയില്‍സ് എക്‌സിക്യുട്ടീവ് എന്നാണ് തൊഴില്‍ രേഖപ്പെടുത്തിയിരുന്നത്. അദ്ദേഹത്തിനൊപ്പം യാത്രചെയ്ത ഉദ്യോഗസ്ഥരും വ്യാജവിവരങ്ങളാണ് നല്‍കിയത്.

പരാതിയുടെ പകര്‍പ്പുകള്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ , മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്കും നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വിദേശയാത്രയെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

Advertisement