ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ടുണ്ടായ പുതിയ വെളിപ്പെടുത്തലുകള്‍ കേരളത്തിലെ രാഷ്ട്രീയ രംഗത്തിനൊപ്പം നീതിന്യായ മേഖലയെയും പിടിച്ചുലച്ചിരിക്കയാണ്. കേസില്‍ അനുകൂല വിധി സമ്പാദിക്കാന്‍ ന്യായാധിപന്‍മാര്‍ പണം വാങ്ങിയെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ ജഡ്ജുമാര്‍ക്കും ഇടനിലക്കാരായ അഭിഭാഷകര്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കിയിരിക്കയാണ്.

പ്രമേയത്തിന്റെ പൂര്‍ണ്ണരൂപം

കേരളത്തിലെ അറിയപ്പെടുന്ന പല പ്രമുഖരും സമ്പന്നരും പ്രതിചേര്‍ക്കപ്പെട്ടതും ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭം എന്ന പേരില്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ചതുമായ ക്രിമിനല്‍ കേസ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സബ്‌കോടതി വിചാരണ നടത്തി തീര്‍പ്പ് കല്‍പിച്ച് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടതാണ്. എന്നാല്‍ ഈ കേസില്‍ എല്ലാ വിധികളും പണം കൊടുത്ത് ന്യായാധിപന്‍മാരെ സ്വാധീനിച്ച് നേടിയതാണ് എന്ന് കേസില്‍ ഇടപെട്ടിരുന്ന പി.എ റഊഫ് എന്നയാളും ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് നാരായണക്കുറുപ്പ്, ജസ്റ്റിസ് തങ്കപ്പന്‍ എന്നിവര്‍ക്ക് കോഴ വാങ്ങി അനുകൂലവിധി ആവശ്യക്കാര്‍ക്ക് സംഘടിപ്പിച്ച് കൊടുത്തിട്ടുണ്ടെന്ന് മുന്‍ അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയരക്ടര്‍ ജനറല്‍ കെ.സി പീറ്ററുടെതായി ഒരു ഒളിക്യാമറാ വാര്‍ത്തയും പുറത്ത് വന്ന സാഹചര്യത്തില്‍ നീതിന്യായ മേഖലയില്‍ നടന്ന വൃത്തികെട്ട ന്യായാധിപന്‍മാരെ വിലക്കെടുക്കല്‍ സംബന്ധിച്ച് സമയബന്ധിതമായി അന്വേഷിച്ച് കുറ്റക്കാരായ ന്യായാധിപന്‍മാര്‍ക്കും അഭിഭാഷകന്‍മാര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കേരള ഹൈക്കോടതിയോടും സര്‍ക്കാറിനോടും ഈ പ്രമേയം ആവശ്യപ്പെടുന്നു.

അഡ്വക്കറ്റ് വി.വി ശിവദാസനാണ് പ്രമേയം അവതരിപ്പിച്ചത്. 104 അഭിഭാഷകരുടെ ഒപ്പ് ലഭിച്ച ശേഷമാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്. പല ഭേദഗതികളും അവതരിപ്പിക്കപ്പെട്ടുവെങ്കിലും അതെല്ലാം വോട്ടിനിട്ട് തള്ളുകയായിരുന്നു.