കൊല്‍ക്കത്ത: ബംഗാളില്‍ മുഹറം ദിനത്തില്‍ വിഗ്രഹ നിമഞ്ജന ഘോഷയാത്ര നടത്തുന്നതിന് മമത സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി റദ്ദാക്കി. മുഹറം ദിനം ഉള്‍പ്പെടെ എല്ലാ ദിവസവും രാത്രി 12 മണിവരെ ഘോഷയാത്ര നടത്താമെന്നും ഘോഷയാത്ര കടന്നു പോവുന്ന വഴികളില്‍ പോലീസ് സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് രാകേഷ് തിവാരിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയത്. വിജയദശമി ദിനത്തിലും മുഹറം ദിനമായ ഒക്ടോബര്‍ ഒന്നിനും ദുര്‍ഗാ വിഗ്രഹ നിമഞ്ജനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ ചോദ്യം ചെയ്ത് നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് ഉത്തരവ്.

വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ കോടതി രൂക്ഷമായ വിമര്‍ശനമുയര്‍ന്നിരുന്നു. രാജ്യത്തെ പൗരനെന്ന നിലയ്ക്ക് എല്ലാവര്‍ക്കും മതവിശ്വാസം കാത്തുസൂക്ഷിക്കാനുള്ള അവകാശമുണ്ടെന്നും ക്രമസമാധാനത്തിന്റെ പേര് പറഞ്ഞ് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

സെപ്റ്റംബര്‍ 30 നു വൈകീട്ട് മുതല്‍ ഒക്ടോബര്‍ ഒന്നു വൈകീട്ട് വരെയാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. വിജയദശമിയോട് അനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ മതകേന്ദ്രകളില്‍ ആയുധ പൂജ നടത്തുമെന്നു വിശ്വ ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചിരുന്നു ഇതിന്നു പിന്നാലെയായിരുന്നു സര്‍ക്കാര്‍ നിലപാട് കടുപിച്ച് രംഗത്തെത്തിയത്. സംഘപരിവാര്‍ സംഘടനകളോട് ദുര്‍ഗാപൂജയുടെ മറവില്‍ തീക്കളി വേണ്ടെന്നും മമത കഴിഞ്ഞദിവസം പറഞ്ഞിരുന്നു.